കത്ത് വിവാദത്തില്‍ സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ്, മേയറെ കേട്ടശേഷം തീരുമാനം.
കൊച്ചി: കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് പറയാനുള്ളത് കേട്ടശേഷം തീരുമാനമെന്ന് ഹൈക്കോടതി. മേയര്‍ക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസയച്ചു. താത്കാലിക നിയമനത്തിന് പാര്‍ട്ടി സെക്രട്ടറിക്ക് കത്ത് നല്‍കിയെന്ന ആരോപണത്തിലാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഹര്‍ജി ഈ നവംബര്‍ 25ന് വീണ്ടും പരിഗണിക്കും.
കോര്‍പ്പറേഷനിലെ മെഡിക്കല്‍ കോളേജ് വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാറാണ് ഹര്‍ജിക്കാരന്‍. മേയര്‍ക്ക് പുറമെ സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിലിനെതിരേയും ഹര്‍ജിയില്‍ ആരോപണമുണ്ട്. ഒഴിവുള്ള തസ്തികകളില്‍ പാര്‍ട്ടി അംഗങ്ങളെ നിയമിക്കാന്‍ ശ്രമിച്ച് ഇവരുടെ നടപടി സത്യപ്രതിജ്ഞയുടെ ലംഘനമാണെന്നും സ്വജനപക്ഷപാതമാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മേയര്‍ക്ക് പുറമെ കേസില്‍ കക്ഷിചേര്‍ത്തിരിക്കുന്ന മറ്റുള്ളവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മേയറേയും ഡി.ആര്‍. അനിലിനേയും കൂടാതെ സര്‍ക്കാറിനേയും കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്. കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.