ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു.
ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു. ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത കപ്പലിന്റെ ചീഫ് ഓഫിസറും മലയാളിയുമായ കൊച്ചി സ്വദേശി സനു ജോസിനെ തിരികെ കപ്പലിലെത്തിച്ചു. കപ്പലിലെ ജീവനക്കാരായ മലയാളികള്‍ ഉള്‍പ്പെടെയുള്ള 15 പേരെ ഹോട്ടലിലേക്കു മാറ്റിയതായാണ് വിവരം. കപ്പലിലെ ജീവനക്കാരെ മുന്‍പുണ്ടായിരുന്ന ഹോട്ടലിലേക്കു തന്നെ മാറ്റുന്നതായി കപ്പലില്‍ സനുവിനൊപ്പമുള്ള കൊച്ചി സ്വദേശി മില്‍ട്ടന്‍ അറിയിച്ചതായി ഭാര്യ ശീതള്‍ പറഞ്ഞു.
സര്‍ക്കാര്‍ ഇടപെടല്‍ നിമിത്തം തന്നെ നൈജീരിയയ്ക്കു കൈമാറാനുള്ള നീക്കം തടഞ്ഞതായി സനു ജോസും പ്രതികരിച്ചു. വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയവും എംബസിയും ഫലപ്രദമായി ഇടപെട്ടു. നാട്ടിലെത്തിയാല്‍ മാത്രമേ സമാധാനമാകൂവെന്നും സനു ജോസ് പറഞ്ഞു. സനു ജോസിനെ ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത് നൈജീരിയയുടെ യുദ്ധക്കപ്പലിലേക്കു കൊണ്ടുപോയെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ ഈ നീക്കമാണ് തടഞ്ഞിരിക്കുന്നത്. മറ്റുള്ളവരെയും ഉടന്‍ നൈജീരിയയ്ക്ക് കൈമാറുമെന്നും സൂചനയുണ്ടായിരുന്നു. മൂന്ന് മലയാളികളടക്കം 16 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 26 നാവികരാണ് തടവിലാക്കപ്പെട്ട കപ്പലിലുള്ളത്.
ഇവര്‍ കഴിയുന്ന കപ്പലിന്റെ എന്‍ജിന്‍ തകരാര്‍ പരിഹരിച്ചതോടെ എപ്പോള്‍ വേണമെങ്കിലും നൈജീരിയയിലേക്ക് കൊണ്ടുപോകാമെന്നും ഓരോ നിമിഷവും ജീവന്‍ കൂടുതല്‍ അപകടത്തിലാവുകയാണെന്നും സംഘത്തിലെ മലയാളികളില്‍ ഒരാളായ വിജിത് വി.നായര്‍ നേരത്തേ അറിയിച്ചിരുന്നു. കൊച്ചി സ്വദേശിയായ മിലന്‍ ആണ് സംഘത്തിലെ മൂന്നാമത്തെ മലയാളി. തടവിലാക്കി 3 മാസം പിന്നിട്ടതോടെ ആരോഗ്യപ്രശ്‌നങ്ങളും സമ്മര്‍ദവുംമൂലം സംഘത്തില്‍ പലരും അവശരായിരുന്നു. രക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള വിഡിയോകളും ഇന്നലെ പുറത്തുവന്നിരുന്നു.
അതേസമയം, മോചിപ്പിക്കാനുള്ള ഇടപെടല്‍ വൈകുന്നതിന്റെ ആശങ്കയിലാണ് കുടുംബാംഗങ്ങള്‍. ജീവനക്കാരുടെ മോചനത്തിനായുള്ള ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍നിന്നു വിജിത്തിന്റെ വീട്ടിലേക്ക് ഇന്നലെ ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരനും കഴിഞ്ഞ ദിവസം കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു.
ഓഗസ്റ്റ് 8നാണ് നോര്‍വേ ആസ്ഥാനമായ ‘എംടി ഹീറോയിക് ഇഡുന്‍’ എന്ന കപ്പല്‍ നൈജീരിയയിലെ എകെപിഒ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാന്‍ എത്തിയത്. കപ്പലിനു സമീപത്തേക്ക് ഒരു ബോട്ട് എത്തുന്നത് കണ്ടതോടെ രാജ്യാന്തര കപ്പല്‍ച്ചാലിലേക്കു മാറ്റിയിടുകയും ചെയ്തു. പിറ്റേന്ന് ഗിനിയയിലെ നേവി ഉദ്യോഗസ്ഥര്‍ കപ്പലിലെത്തി സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ കപ്പലിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നു. കപ്പലിന്റെ ഉടമസ്ഥതയുള്ള ഒഎസ്എം മാരിടൈം കമ്പനി 20 ലക്ഷം ഡോളര്‍ പിഴ അടച്ചെങ്കിലും മോചനത്തിനു വഴിതുറന്നില്ല.
എല്ലാ നാവികരും സുരക്ഷിതരാണെന്നും ഇവരുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നതായും ഇക്വറ്റോറിയല്‍ ഗിനിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഗിനിയിലേയും നൈജീരിയയിലെയും ഇന്ത്യന്‍ എംബസികള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു. അനുമതിയില്ലാതെ എണ്ണ കടത്താനെത്തി സമുദ്രാതിര്‍ത്തി ലംഘിക്കുകയും ചോദ്യംചെയ്യാന്‍ ശ്രമിച്ചപ്പോള്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം ‘കടല്‍ക്കൊള്ളക്കാര്‍ ആക്രമിക്കാനെത്തി’ എന്ന വ്യാജസന്ദേശം നല്‍കുകയും ചെയ്തുവെന്നാണ് നൈജീരിയന്‍ നാവികസേന വിശദീകരിക്കുന്നത്. നൈജീരിയയില്‍ ഒരു വര്‍ഷത്തിലേറെയായി കടല്‍ക്കൊള്ളകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നുമാണ് അവരുടെ നിലപാട്.