വിചാരണ കഴിയുംവരെ കേന്ദ്രമന്ത്രിയുടെ മകന് ജാമ്യം നല്‍കരുതെന്ന് യുപി സര്‍ക്കാര്‍.
ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഗുരുതരമായ കുറ്റങ്ങളാണ് ആശിഷ് മിശ്രയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നതെന്നും അതിനാല്‍ വിചാരണ പൂര്‍ത്തിയാകുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നുമാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ആശിഷ് മിശ്രയുടെ ക്രിമിനല്‍ പശ്ചാത്തലവും, സ്വാധീനവും കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുത് എന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ പ്രതികള്‍ക്ക് എതിരെ കുറ്റം ചുമത്തുന്നതിനുള്ള നടപടികളാണ് നിലവില്‍ വിചാരണ കോടതിയില്‍ പുരോഗമിക്കുന്നത്.
അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ ആശിഷ് മിശ്ര നല്‍കിയ ഹര്‍ജിയിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. മിശ്രയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.