തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ 10% മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി.

Spread the love

ന്യൂഡല്‍ഹി: തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ 10% മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103–ാം ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. 103–ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച 103–ാം ഭേദഗതിയെന്നായിരുന്നു ബെഞ്ച് പരിഗണിച്ചത്.
2019 ജനുവരിയില്‍ ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം അനുദിച്ചതിനെതിരെ 39 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
സംവരണം സാമ്പത്തിക ഉന്നമന പദ്ധതിയല്ലെന്നും, പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനുള്ള ഉപാധിയാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. അതിനാല്‍ സാമ്പത്തികം മാത്രം മാനദണ്ഡമാക്കി സംവരണം നല്‍കാന്‍ കഴിയില്ല. സാമ്പത്തിക സംവരണത്തില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
സംവരണ വിഭാഗങ്ങളുടെ സംവരണത്തെ ഒട്ടും ബാധിക്കാതെയാണ് മുന്നാക്ക സംവരണം അനുവദിച്ചതെന്നായിരുന്നു കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. പിന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. അതിനാല്‍ സാമ്പത്തിക സംവരണത്തില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരാണെന്നു പറയാനാകില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. സെപ്റ്റംബര്‍ 13 മുതല്‍ ആറര ദിവസം നീണ്ട വാദമാണ് ഹര്‍ജികളില്‍ നടന്നത്. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഉള്‍പ്പെടെ പങ്കാളിയായി.

Leave a Reply

Your email address will not be published. Required fields are marked *