പിഎഫ് പെന്‍ഷന്‍ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും.

Spread the love

ന്യൂഡല്‍ഹി: പിഎഫ് പെന്‍ഷന്‍ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി എഫ് പെന്‍ഷന്‍ നല്‍കണമെന്ന് വ്യക്തമാക്കി ഡല്‍ഹി, കേരള, രാജസ്ഥാന്‍ ഹൈക്കോടതികള്‍ 2014 ലെ കേന്ദ്ര ഭേദഗതി റദ്ദാക്കി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ ഇപിഎഫ്ഒ, തൊഴില്‍ മന്ത്രാലയം തുടങ്ങിയവര്‍ സമര്‍പ്പിച്ച അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിക്കുക. രാവിലെ 10.30 നാണ് വിധി പ്രസ്താവിക്കുക.
ആറ് ദിവസമാണ് കേസില്‍ വാദം കേട്ടത് .കേസില്‍ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ഓഗസ്റ്റ് പതിനൊന്നിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ജസ്റ്റിസ് ലളിതിന് പുറമെ ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാന്‍ശു ദുലിയ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. എംപ്ലോയ്‌മെന്റ് പെന്‍ഷന്‍ സ്‌കീമീല്‍ 2014ലെ കേന്ദ്രഭേദഗതിയാണ് കേസിന് ആധാരം. പിഎഫില്‍ നിന്ന് പെന്‍ഷന്‍ സ്‌കീമിലേക്ക് മാറ്റുന്ന തുകയ്ക്ക് അടിസ്ഥാന ശമ്പളത്തിന് 15,000 രൂപയുടെ മേല്‍പ്പരിധി നിശ്ചയിച്ചിരുന്നത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.അവസാനത്തെ 60 മാസത്തെ ശമ്പളം അടിസ്ഥാനമാക്കി പെന്‍ഷന്‍ കണക്കാക്കുന്ന കേന്ദ്ര നിയമഭേദഗതിയിലെ രീതി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. അതേസമയം ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പി എഫ് പെന്‍ഷന്‍ നല്‍കിയാല്‍ പിഫ് ഫണ്ട് ഇല്ലാതെയാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. പെന്‍ഷന്‍ ഫണ്ട് വ്യവസ്ഥകളിലെ ഭേദഗതി സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണെന്നും ഭേദഗതി റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ലക്ഷകണക്കിന് ജീവനക്കാരാണ് ഇന്നത്തെ ഈ വിധി പ്രതീക്ഷിച്ച് കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *