ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടര്‍മാരായ ജനങ്ങള്‍ക്ക് വ്യത്യസ്തമായ വാഗ്ദാനവുമായി എഎപി.

Spread the love

ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടര്‍മാരായ ജനങ്ങള്‍ക്ക് വ്യത്യസ്തമായ വാഗ്ദാനവുമായി എഎപി. ഗുജറാത്തില്‍ എഎപി എന്തായാലും വിജയിക്കുമെന്ന് അവകാശപ്പെട്ട കെജ്രിവാള്‍, എഎപിക്ക് വോട്ട് ചെയ്യുന്നവരെ അയോധ്യയിലെ രാമ ക്ഷേത്രത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിംഗ് ഷെഡ്യൂള്‍ പ്രഖ്യാപിച്ച് മിനുട്ടുകള്‍ക്കകം ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലാണ് കെജ്രിവാള്‍ ഇങ്ങനെ പറഞ്ഞത്.
ഞാന്‍ നിങ്ങളുടെ സഹോദരനാണ്. നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്. എനിക്ക് ഒരു അവസരം നിങ്ങള്‍ തരൂ, സൗജന്യ വൈദ്യുതി നല്‍കാം. സ്‌കൂളുകളും ആശുപത്രികളും നിര്‍മിക്കാം. നിങ്ങളെ അയോധ്യയിലേക്ക് കൊണ്ടുപോകാം. ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഗുജറാത്തി ഭാഷയിലാണ് കെജ്രിവാളിന്റെ വാഗ്ദാനങ്ങള്‍.
ഗുജറാത്തില്‍ മുഖ്യ പ്രതിപക്ഷം കോണ്‍ഗ്രസ് ആണെങ്കിലും ‘ആപ്പാണ്’ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയോട് നേര്‍ക്കുനേര്‍ നില്‍ക്കുന്നത്. ഗുജറാത്ത് ഡല്‍ഹി വികസന മാതൃകള്‍ തമ്മിലുള്ള താരതമ്യമായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആദ്യ ഘട്ടത്തില്‍ ആയുധമാക്കിയതെങ്കില്‍ പിന്നീട് ഹിന്ദുത്വ ലൈനിലേക്ക് മാറുന്നത് കണ്ടു. കറന്‍സിയില്‍ ദൈവങ്ങളുടെ ചിത്രം വേണമെന്ന ആവശ്യവും അദ്ദേഹം ഉയര്‍ത്തി.
സംസ്ഥാനത്ത് എക്കാലവും 40 ശതമാനം വോട്ടെങ്കിലും കിട്ടുന്ന കോണ്‍ഗ്രസിന് ആപ്പിന്റെ വരവ് ക്ഷീണമാവുമെന്നാണ് പ്രവചനം. നേതാക്കളുടെ കൊഴിഞ്ഞ് പോക്കും പട്ടേല്‍ സമുദായം അകന്നതും ഇത്തവണ ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാവും. 2002 ല്‍ നേടിയ 127 സീറ്റാണ് ബിജെപിക്ക് സംസ്ഥാനത്ത് കിട്ടിയ ഏറ്റവും വലിയ ഭൂരിപക്ഷം. അത് മറികടക്കുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷയും സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചനയും.
ആകാംക്ഷകള്‍ക്ക് ഒടുവിലാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ആദ്യ ഘട്ടത്തില്‍ 89 മണ്ഡലങ്ങളാണ് വിധിയെഴുതുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന് 93 മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്കെത്തും. 182 മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ ഒന്നിച്ച് ഡിസംബര്‍ എട്ടിന് നടക്കും. 4.9 കോടി വോട്ടര്‍മാരാണ് ഇക്കുറി വിധിയെഴുതുന്നത്. 51,782 പോളിംഗ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *