മുല്ലപ്പെരിയാർ :മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരങ്ങൾ നൽകി സുപ്രീം കോടതി.
ന്യൂഡൽഹി: മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരങ്ങൾ നൽകി സുപ്രീം കോടതി. മുല്ലപ്പെരിയാർ ഡാമിന്റെ പൂർണ അധികാരം മേൽനോട്ട സമിതിക്ക് നൽകും. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയിൽ നിക്ഷിപ്തമായ അധികാരങ്ങളാണ് നൽകിയത്. അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ പരാതികളും മേൽനേട്ടസമിതി പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അണക്കെട്ടിന്റെ സുരക്ഷയുടെ സമ്പൂർണ അധികാരം മേൽനോട്ടസമിതിയ്ക്ക് ആയിരിക്കുമെന്ന് ജസ്റ്റിസ് എഎം ഖാൻവിൽക്കറുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, സി ടി രവികുമാർ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. കേരളവും തമിഴ്നാടും നിർദേശിക്കുന്ന ഓരോ സാങ്കേതിക വിദഗ്ധരെ സമിതിയിൽ ഉൾപ്പെടുത്തണം. രണ്ടാഴ്ചയ്ക്കുള്ളിൽ സാങ്കേതിക വിദഗ്ധന്റെ പേര് നൽകണം. നാട്ടുകാർക്കും മേൽനോട്ടസമിതിയിൽ പരാതി നൽകാം. മേൽനോട്ട സമിതിയുടെ നിർദേശം നടപ്പിലാക്കുന്നുവെന്ന് ചീഫ് സെക്രട്ടറിമാർ ഉറപ്പുവരുത്തണം.