സര്‍ക്കാര്‍ വക ഭക്ഷണശാലയിലെ പാത്രങ്ങള്‍ പന്നികള്‍ നക്കുന്നു.

Spread the love

ജയ്പൂര്‍: സര്‍ക്കാര്‍ വക ഭക്ഷണശാലയിലെ പാത്രങ്ങള്‍ പന്നികള്‍ നക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. രാജസ്ഥാനിലാണ് സംഭവം. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ഇന്ദിരാ രസോയി യോജന പ്രകാരം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തുനിന്നുള്ളതാണ് വീഡിയോ.
ഭരത്പൂരിലെ എംഎസ്‌ജെ കോളേജിന് മുന്നിലുള്ള ഭക്ഷണവിതരണസ്ഥലത്ത് പന്നികള്‍ പ്ലേറ്റുകള്‍ നക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഈ രസോയി (അടുക്കള) മദര്‍ തെരേസ എന്ന സ്ഥാപനമാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. 8 രൂപയ്ക്ക് ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിയാണ് ഇന്ദിരാ രസോയി യോജന. പദ്ധതി പ്രകാരം 100 കോടി രൂപ ബജറ്റില്‍ വകയിരുത്തിയാണ് 25 ഇന്ദിര റസോയികള്‍ പ്രവര്‍ത്തനക്ഷമമാക്കിയത്. വീഡിയോ വൈറലായതോടെ ഭരത്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്ഥാപനവുമായുള്ള കരാര്‍ അവസാനിപ്പിക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചതിനെ രസകരമായ സംഭവം എന്ന് വിശേഷിപ്പിച്ച് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസ് ഇതിനെ ലാഘവത്തോടെ കാണരുതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റില്‍ ഗുലാം നബി ആസാദിനെയും മോദി ഇതുപോലെ പ്രശംസിച്ചിരുന്നു, പിന്നീടെന്ത് ഉണ്ടായെന്ന് നമ്മള്‍ കണ്ടതാണെന്നും ?ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതിനെ സൂചിപ്പിച്ച് സച്ചിന്‍ പൈലറ്റ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മംഗാര്‍ ധാം സന്ദര്‍ശന വേളയില്‍ അദ്ദേഹം അശോക് ഗെഹ്ലോട്ടിനെ പ്രശംസിച്ചതിന് നമ്മളെല്ലാം സാക്ഷികളായിരുന്നു. നേരത്തെ രാജ്യസഭയില്‍ മുന്‍ രാജ്യസഭാ എം പി ഗുലാം നബി ആസാദിനെ വിടവാങ്ങല്‍ ദിവസം പ്രധാനമന്ത്രി പ്രശംസിച്ചപ്പോഴും സമാനമായ കാര്യങ്ങള്‍ നാമെല്ലാവരും കണ്ടിട്ടുണ്ട്.. അതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ഇന്നലെ നടന്നത് രസകരമായ ഒരു സംഭവവികാസമാണ്, അത് നിസ്സാരമായി കാണേണ്ടതില്ല. സച്ചിന്‍ പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *