ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു.

Spread the love

കൊച്ചി: ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ അടക്കം ഏഴ് വൈസ് ചാന്‍സലര്‍മാരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്ന് ഈ ഹര്‍ജി പരിഗണിക്കും.

പുറത്താക്കാതിരിക്കാന്‍ കാരണം ചോദിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് വിസിമാര്‍ ഹര്‍ജിയില്‍ പറയുന്നു. അന്വേ,ണം നടത്തി തെറ്റ് കണ്ടെത്തിയാല്‍ മാത്രമേ പുറത്താക്കാനാകൂ. അതിനാല്‍ തന്നെ ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധമാണ്. ഈ നോട്ടീസ് റദ്ദാക്കണമെന്നും വിസിമാര്‍ ആവശ്യപ്പെടുന്നു.

വിരമിച്ച കേരള വൈസ് ചാന്‍സലറും കോടതിയെ സമീപിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് നാളെയാണ് മറുപടി നല്‍കാനുള്ള അവസാന സമയപരിധി. എന്നാല്‍ ഈ നോട്ടീസിന് മറുപടി നല്‍കാതെയാണ് വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിക്കെതിരെ കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുന്നത്. അംഗത്വം റദ്ദാക്കിയ ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് സെനറ്റ് അംഗങ്ങളുടെ നിലപാട്.

എന്നാല്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഒരു അംഗത്തെ നോമിനേറ്റ് ചെയ്ത് തീര്‍ക്കേണ്ട വിഷയം സര്‍വ്വകലാശാല അനാവശ്യ വിവാദത്തിലാക്കിയെന്നും വിസിയില്ലാതെ എങ്ങനെ സര്‍വ്വകലാശാലയ്ക്ക് പ്രവര്‍ത്തിക്കാനാകുമെന്നും കോടതി ചോദിച്ചിരുന്നു.

നവംബര്‍ 4 ന് ചേരുന്ന സര്‍വ്വകലാശാല സെനറ്റ് യോഗത്തില്‍ സെര്‍ച്ച് കമ്മിറ്റിയെ നോമിനേറ്റ് ചെയ്യാനുള്ള അജണ്ടയുണ്ടോയെന്ന് സര്‍വ്വകലാശാല ഇന്ന് അറിയിക്കണം. ഗവര്‍ണ്ണര്‍ പുറത്താക്കിയ അംഗങ്ങള്‍ക്ക് നവംബര്‍ 4 ന് ചേരുന്ന സെനറ്റില്‍ പങ്കെടുക്കാനാകുമോ എന്ന് ഇന്ന് കോടതി തീരുമാനിക്കും. വിജ്ഞാപനം പിന്‍വലിക്കണമെന്ന് മുന്‍ വി സിയും സെനറ്റും ആവശ്യപ്പെട്ടത് നിയമവിരുദ്ധവും പ്രകടമായ അധിക്ഷേപമാണെന്ന് ഗവര്‍ണര്‍ കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *