പുല്‍വാമ ഭീകരാക്രമണം ആഘോഷിച്ച 22കാരന് കോടതി അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചു.
ബംഗളൂരു: പുല്‍വാമ ഭീകരാക്രമണം ആഘോഷിച്ച 22കാരന് കോടതി അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചു. ബെംഗളൂരുവിലെ കച്ചര്‍ക്കനഹള്ളി സ്വദേശിയായ ഫായിസ് റാഷിദിനാണ് 2019ല്‍ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം സോഷ്യല്‍ മീഡിയയിലൂടെ ആഘോഷിച്ചതിന് ശിക്ഷ വിധിച്ചത്. പ്രത്യേക കോടതിയാണ് പ്രതിക്കെതിരെ വിധി പ്രസ്താവിച്ചത്.
ഭീകരാക്രമണം ആഘോഷിക്കുകയും സൈന്യത്തെ പരിഹസിക്കുകയും ചെയ്യുന്ന 23 കമന്റുകളാണ് സോഷ്യല്‍മീഡിയ പോസ്റ്റുകളില്‍ റാഷീദ് നടത്തിയത്. ആ പോസ്റ്റിലൂടെ വര്‍ഗീയ കലാപം ആളിക്കത്തിക്കുക എന്ന ഉദ്ദേശമാണ് അക്രമിയായ ഫായിസ് റാഷിദിന് ഉണ്ടായിരുന്നതെന്ന് കോടതി നിരീക്ഷിച്ചു. ‘പ്രതി ഒന്നോ രണ്ടോ തവണയല്ല അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഫേസ്ബുക്കില്‍ എല്ലാ വാര്‍ത്താ ചാനലുകളുടെയും പോസ്റ്റുകള്‍ക്കെല്ലാം അദ്ദേഹം കമന്റ് ചെയ്തു. അദ്ദേഹം നിരക്ഷരനോ സാധാരണക്കാരനോ ആയിരുന്നില്ല. കുറ്റം ചെയ്യുന്ന സമയത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ മനഃപൂര്‍വ്വം പോസ്റ്റുകളും കമന്റുകളും ഇട്ടതാണ്,’ കോടതി നിരീക്ഷിച്ചു. മഹാത്മാക്കളെ കൊന്നതില്‍ സന്തോഷമുണ്ടെന്ന് പ്രതി നിലപാടെടുത്തതായി ചൂണ്ടിക്കാട്ടി. താന്‍ ഒരു ഇന്ത്യക്കാരനല്ലാത്തതുപോലെ സൈനികരുടെ മരണം ആഘോഷിക്കുകയും ചെയ്തു. അതിനാല്‍, പ്രതി ചെയ്തത് രാഷ്ട്രത്തിനെതിരായ നീക്കമാണെന്നും പ്രകടമായത് ഹീനമായ സ്വഭാവമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍ ആസ്ഥാനമായ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ജമ്മു കശ്മീരില്‍ പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികള്‍ മനുഷ്യബോംബ് ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യന്‍ പ്രാദേശിക സമയം മൂന്നരയോടുകൂടിയാണ് സംഘം ജമ്മുവില്‍ നിന്നും യാത്ര തിരിച്ചത്. വൈകിട്ടോടെ അവര്‍ ശ്രീനഗറില്‍ എത്തിച്ചേരേണ്ടതായിരുന്നു. അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയില്‍ വച്ച് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു മഹീന്ദ്ര സ്‌കോര്‍പിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു.