നാദാപുരത്ത് റാഗിങ്ങില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി.

Spread the love

കോഴിക്കോട്: നാദാപുരത്ത് റാഗിങ്ങില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. നാദാപുരം എം ഇ ടി കോളേജ് വിദ്യാര്‍ത്ഥി നിഹാല്‍ ഹമീദിന്റെ കര്‍ണപുടമാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ തകര്‍ന്നത്. രക്ഷിതാക്കള്‍ നാദാപുരം പൊലീസില്‍ പരാതി നല്‍കി.
ഇക്കഴിഞ്ഞ 26 നാണ് വിദ്യാര്‍ത്ഥിക്ക് നേരെ അതിക്രമം ഉണ്ടായത്. വസ്ത്രധാരണത്തെ ചൊല്ലി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഭീഷണി മുഴക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് നിഹാല്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുകുട്ടികള്‍ക്കും മര്‍ദ്ദനമേറ്റു. നിഹാലിന്റെ ഇടത് ചെവിയിലെ കര്‍ണപുടം തകര്‍ന്നു. പതിനഞ്ചംഗ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദിച്ചതെന്ന് നിഹാല്‍ വിശദീകരിച്ചു. ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിന് ഇരയായ നിഹാല്‍.
പരിക്കേറ്റ നിഹാല്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയിരിക്കുകയാണ്. കേള്‍വിശക്തി വീണ്ടെടുക്കാന്‍ ശസ്ത്രക്രിയക്ക് റഫര്‍ ചെയ്തിട്ടുണ്ട്. റാഗിംഗ് പരാതി ശ്രദ്ധയില്‍പ്പെട്ടയുടനെ എട്ട് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്‌തെന്നും നാദാപുരം പൊലീസിനെ വിവരമറിയിച്ചെന്നും സംഭവത്തെക്കുറിച്ച് കോളേജ് അധികൃതര്‍ വിശദീകരിച്ചു.
ഇത്തരം വിഷയങ്ങളില് കര്‍ശന നടപടിക്കൊരുങ്ങുമ്പോള്‍ ഇരുകൂട്ടരും രമ്യതയിലെത്തി പരാതി പിന്‍വലിക്കുന്ന പതിവുണ്ടെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ: ബദറുദ്ധീന്‍ റാവുത്തര്‍ അറിയിച്ചു. നാലുമാസത്തിനിടെ സമാന രീതിയില്‍ അഞ്ച് സംഭവമുണ്ടായിട്ടും കോളേജ് അധികൃതര്‍ ഗൗരവത്തോടെ സമീപിക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *