ദമ്പതിമാർ ഒരുമിച്ച് കിടന്നുറങ്ങരുത്, ചുംബിക്കരുത്, കെട്ടിപ്പിടിക്കരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്. ചൈനയിലെ കോവിഡ് നിയന്ത്രണങ്ങൾ
ബീജിങ്: ഷാങ്ഹായ് നഗരത്തിൽ നിയന്ത്രണങ്ങൾ കർശന നിയന്ത്രണങ്ങളുമായി ചൈനീസ് ഭരണകൂടം. കോവിഡ് വ്യാപനം തടയാനായി വിചിത്ര നിർദ്ദേശങ്ങളാണ് ഷാങ്ഹായ് നഗരത്തിൽ ഭരണ കൂടം നൽകിയിരിക്കുന്നത്. ദമ്പതിമാർ ഒരുമിച്ച് കിടന്നുറങ്ങരുത്, ചുംബിക്കരുത്, കെട്ടിപ്പിടിക്കരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ. വീടുകളിൽ നിന്ന് ആരും പുറത്തിറങ്ങരുതെന്നും ചൈനീസ് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി ഷാങ്ഹായ് നഗരത്തിൽ റോബോട്ടുകൾ പട്രോളിങ് നടത്തുന്ന വീഡിയോയും പുറത്തുവന്നു. ചൈനയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശമാണ് ഷാങ്ഹായ്. കുറച്ചു ദിവസമായി പുതിയ കേസുകളിൽ ചെറിയ കുറവുണ്ടെങ്കിലും നിയന്ത്രണങ്ങൾ കർശനമായി തന്നെ തുടരുകയാണ്.
നഗരത്തിൽ 2.6 കോടി ജനങ്ങളും വീടുകൾക്കുള്ളിൽ തന്നെയാണ് കഴിയുന്നത്. പ്രത്യേക അനുമതിയുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും കൊവിഡ് വളണ്ടിയർമാർക്കും ഭക്ഷണ വിതരണക്കാർക്കും മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളു. ഡ്രോണുകൾ ഉപയോഗിച്ചാണ് ലോക്ക്ഡൗൺ, ക്വാറന്റൈൻ നിർദേശങ്ങൾ നൽകുന്നത്. നേരത്തെ മതിയായ ഭക്ഷണം ലഭിക്കാത്ത സാഹചര്യത്തിൽ ആളുകൾ ബാൽക്കണികളിൽ കയറി പ്രതിഷേധിക്കുകയും പാട്ടുപാടുകയും ചെയ്തിരുന്നു. തുടർന്നാണ് നിരീക്ഷണത്തിന് ഡ്രോണുകൾ ഏർപ്പാടാക്കിയത്.