ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ തൂക്കുപാലം തകര്‍ന്ന് 60 പേര്‍ മരിച്ചു.
ഗാന്ധിനഗര്‍: ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ തൂക്കുപാലം തകര്‍ന്ന് 60 പേര്‍ മരിച്ചു. മച്ചുനദിക്ക് കുറുകെയുള്ള പാലം ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് പൊട്ടിവീണത്. വിനോദസഞ്ചാരികളടക്കം അമ്പതോളം പേര്‍ നദിയില്‍ വീണതായി സംശയിക്കുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച തൂക്കുപാലം അറ്റകുറ്റപ്പണിക്കുശേഷം ഒക്ടോബര്‍ 26നാണ് വീണ്ടും തുറന്നുകൊടുത്തത്. ദീപാവലി അവധിയെത്തുടര്‍ന്നുള്ള ഞായറാഴ്ചയായതില്‍ തൂക്കുപാലം കാണാന്‍ വലിയ തോതില്‍ ജനം എത്തിയിരുന്നു. ഒട്ടേറേ സ്ത്രീകളും കുട്ടികളും അപകടസമയത്ത് പാലത്തിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അമിതഭാരംമൂലമാണ് പാലം തകര്‍ന്നതെന്നാണ് പ്രാഥമികവിവരം. ദേശീയ ദുരന്തനിവാരണസേനയുടെ മൂന്നുസംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. നദിയില്‍ വീണവരെ കരയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ രാത്രിയും തുടരുകയാണ്.
ഗുജറാത്ത് സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തിനുപിന്നാലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കി. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപവീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരംരൂപയും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു.