ഷാരോണിന്റെ മരണം. വിഷം കൊടുത്ത് കൊന്നതെന്ന് കാമുകിയുടെ കുറ്റസമ്മതം
തിരുവനന്തപുരം: ഷാരോണ്‍ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെണ്‍കുട്ടി ഇന്‍റർനെറ്റില്‍ പരതിയെന്നും പൊലീസ് കണ്ടെത്തി.
ഷാരോണിനെ കൊന്നതാണെന്ന് പെണ്‍കുട്ടി ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. കോപ്പർ സൽഫേറ്റിന്‍റെ അംശം കഷായത്തിൽ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്റുടെ മൊഴിയും കേസന്വേഷണത്തില്‍ നിർണായകമായി. പെൺകുട്ടിയെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു.