കോയമ്പത്തൂര്‍ സ്ഫോടനത്തിന് ഉപയോഗിച്ച സാമഗ്രികളില്‍ പ്രതികള്‍ ഓണ്‍ലൈനായി വാങ്ങിയതാണെന്ന് സ്ഥിരീകരിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍.
പാലക്കാട് : കോയമ്പത്തൂര്‍ ഉക്കടം ക്ഷേത്രത്തിന് മുമ്പിലെ സ്ഫോടനത്തിന് ഉപയോഗിച്ച സാമഗ്രികളില്‍ ചിലത് പ്രതികള്‍ ഓണ്‍ലൈനായി വാങ്ങിയതാണെന്ന് സ്ഥിരീകരിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ വി.ബാലകൃഷ്ണന്.മറ്റെന്തൊക്കെ സാമഗ്രികള്‍ സ്ഫോടനത്തിനായി ഓണ്‍ലൈനായി ശേഖരിച്ചു എന്നറിയാനാണ് ആമസോണിനോടും ഫ്ലിപ് കാര്‍ട്ടിനോടും ഇടപാടു വിവരങ്ങള്‍ തേടിയതെന്ന് കമ്മീഷണര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മുബീന് കേരളത്തിലെത്തിയത് ചികിത്സാവശ്യാര്‍ത്ഥമാണെന്ന് കണ്ടെത്തിയതായി കമ്മീഷണര്‍ വ്യക്തമാക്കി.
എന്നാല്‍ ഇത് മറയാക്കി ആരെങ്കിലുമായി ബന്ധപ്പെട്ടോ എന്ന് പരിശോധിക്കുന്നതായും വി.ബാകൃഷ്ണന് പറഞ്ഞു.ആള്‍നാശം തന്നെയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.ചില സ്ഥാപനങ്ങള്‍ തകര്‍ക്കലും ലക്ഷ്യമിട്ടിരുന്നു.
മുബീന് പലതവണ കേരളത്തിലെത്തിയിട്ടുണ്ടെന്നും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കാണ് കേരളത്തിലെത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് മറയാക്കിയോ എന്നും പരിശോധിക്കുന്നു.തീവ്രവാദി ആക്രമണം എന്നു ഇപ്പോള്‍ പറയുന്നില്ല, പക്ഷെ സമാന സ്വഭാവം, അന്വേഷണം പുരോഗമിക്കുമ്പോള്‍ വ്യക്തത വരുമെന്നും കമ്മിഷണര്‍ പറഞ്ഞു.
അതേസമയം സ്ഫോടനക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. നിലവില്‍ അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.ചോദ്യംചെയ്യല്‍ തുടരുകയാണ്. കേസ് എറ്റെടുത്ത എന്‍ഐഎ പ്രാഥമിക വിവരശേഖരണം പൂര്‍ത്തിയാക്കി. ഇതിനോടകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. കേസ് രേഖകള്‍ കൈമാറുന്നതിനുളള ക്രമീകരണം കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
എന്‍ഐഎയുടെ ചെന്നൈ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.രണ്ടുനാളായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്താണ് സ്ഫോടനവുമായി
ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചത്. പ്രതിയുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ ലഭിച്ച ലാപ്ടോപ്പിന്റെ സൈബര്‍ പരിശോധന ഫലം അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് കിട്ടിയേക്കും. ഓണ്‍ലൈന്‍ വഴി ശേഖരിച്ച സ്ഫോടക സാമഗ്രികള്‍ ഈ ലാപ്ടോപ്പ് ഉപയോഗിച്ചാണോ വാങ്ങിയത് എന്നറിയാനാണ് പൊലീസ് നീക്കം. കേസ് എന്‍ഐഎ ഏറ്റെടുത്തെങ്കിലും പൊലീസിന്റെ വിവരശേഖരണം തുടരും