കോയമ്പത്തൂര്‍ ഉക്കടത്തുണ്ടായ കാര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍.
കോയമ്പത്തൂര്‍ ഉക്കടത്തുണ്ടായ കാര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. അഫ്സര്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. മരിച്ച മുബീന്റെ ബന്ധുവാണ് അഫ്സര്‍ ഖാന്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. അതിനിടെ സ്ഫോടനത്തില്‍ മരിച്ച ജമീഷ മുബേനും സംഘവും വന്‍ സ്ഫോടന പരമ്പരയാണ് ലക്ഷ്യമിട്ടതെന്ന് പൊലീസിന് സൂചന ലഭിച്ചു.
തമിഴ്നാട്ടില്‍ അഞ്ചോളം ഇടങ്ങളില്‍ സ്ഫോടനം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടത്.പിടിയിലായവര്‍ ഐഎസ് അനുഭാവമുള്ളവരാണെന്നും പൊലീസ് പറഞ്ഞു. സ്ഫോടനങ്ങള്‍ക്കായി വന്‍ ഗൂഢാലോചന നടന്നു. സ്ഫോടനത്തിനുള്ള വസ്തുക്കള്‍ വാങ്ങിയതില്‍ അടക്കം കൃത്യമായ ആസൂത്രണം നടന്നുവെന്ന് പൊലീസ് കണ്ടെത്തി. സ്ഫോടക വസ്തുക്കള്‍ പലര്‍ പലപ്പോഴായി വാങ്ങി മുബീന്റെ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. എല്ലാത്തിന്റെയും മാസ്റ്റര്‍ മൈന്‍ഡ് ജമേഷ മുബീന്‍ ആണെന്നും പൊലീസ് വിലയിരുത്തുന്നു.
ഓണ്‍ലൈന്‍ വഴിയാണ് സ്ഫോടക വസ്തുക്കള്‍ വാങ്ങിയതെന്നാണ് കണ്ടെത്തല്‍.പൊട്ടാസ്യം നൈട്രേറ്റ്, സല്‍ഫര്‍ തുടങ്ങിയവയുടെ വില്‍പ്പന വിവരം ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നിവയോട് ഇവര്‍ ചോദിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിയതെങ്കില്‍, ആരാണ് വാങ്ങിയത്, പണം എങ്ങനെ അടച്ചു, ഡെലിവറി നല്‍കിയ സ്ഥലം തുടങ്ങിയ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി പ്രമുഖ ഇ കൊമേഴ്സ് സൈറ്റുകളോട് വിവരം തേടി പൊലീസ് കത്തെഴുതിയിട്ടുണ്ട്. പൊലീസ് പിടിച്ചെടുത്ത മുബീന്റെ ലാപ്ടോപ് വിദഗ്ധ പരിശോധനയ്ക്കായി സൈബര്‍ സംഘത്തിന് കൈമാറി. കേസുമായി ബന്ധപ്പെട്ട് മുബീന്റെ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഇതിനോടകം ശുപാര്‍ശ നല്‍കിയിട്ടുണ്ട്.