കുണ്ടന്നൂരിലെ ബാര്‍ ഹോട്ടലില്‍ വെടിവെപ്പ് നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍.
കൊച്ചി: കുണ്ടന്നൂരിലെ ബാര്‍ ഹോട്ടലില്‍ വെടിവെപ്പ് നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. എഴുപുന്ന സ്വദേശി റോജന്‍, സുഹൃത്ത് അഡ്വ. ഹെറാള്‍ഡ് എന്നിവരാണ് പിടിയിലായത്. മരട് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. റോജന്‍ മറ്റൊരു കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ്.
കുണ്ടന്നൂരിലെ ‘ഓജീസ് കാന്താരി’ എന്ന ബാര്‍ ഹോട്ടലില്‍ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് വെടിവെപ്പുണ്ടായത്. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചത് എന്നാണ് സൂചന. മദ്യപിച്ചതിന് ശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് കൗണ്ടറിലെ ഭിത്തിയിലേക്ക് ഒരാള്‍ വെടിവെച്ചത്. രണ്ട് തവണ നിറയൊഴിച്ചു
പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നതെങ്കിലും ഏഴു മണിയോടെ മാത്രമാണ് ബാര്‍ അധികൃതര്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ബാര്‍ പോലീസ് അടച്ചുപൂട്ടിയിട്ടുണ്ട്. ഹോട്ടലില്‍ ഇന്ന് ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തും.