ലിംഗായത്ത് സമുദായത്തിലെ മഠാധിപതി ബസവലിംഗ സ്വാമിയെ തിങ്കളാഴ്ചയാണ് മഠത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Spread the love

ബെംഗളൂരു: ലിംഗായത്ത് സമുദായത്തിലെ മഠാധിപതി ബസവലിംഗ സ്വാമിയെ തിങ്കളാഴ്ചയാണ് മഠത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഏറെനേരം കഴിഞ്ഞിട്ടും മുറിയുടെ വാതില്‍ തുറന്നില്ല. തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഒരു വര്‍ഷത്തിനിടെ ജീവന്‍ വെടിയുന്ന മൂന്നാമത്തെ സ്വാമിയാണ് ബസവലിംഗ സ്വാമി. സ്വാമി എഴുതിയ ആത്മഹത്യ കുറിപ്പും സംഭവ സ്ഥലത്തു നിന്നും പോലീസിന് ലഭിച്ചിരുന്നു.
മഠാധിപതിയുടെ ആത്മഹത്യയ്ക്ക് കാരണം ഹണിട്രാപ്പ് ആണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഒരു യുവതിയുമായി മഠാധിപതി വീഡിയോ കോള്‍ നടത്തിയിരുന്നു. ഇതെല്ലാം സ്‌ക്രീന്‍ റെക്കോഡ് ചെയ്ത് സൂക്ഷിച്ച യുവതി, പിന്നീട് ഈ വീഡിയോകള്‍ ഉപയോഗിച്ച് സ്വാമിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ആത്മഹത്യ കുറിപ്പില്‍ രണ്ട് പേരുകളുണ്ട്. രണ്ടുപേരും മഠവുമായി ബന്ധപ്പെട്ടവരാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഒരു അജ്ഞാത യുവതിയാണ് തന്നോട് ഇത് ചെയ്തതെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.
മഠാധിപതി സ്ഥാനത്തുനിന്ന് തന്നെ നീക്കാനാണ് ഇത് ചെയ്തതെന്നും തന്നെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും ദ്രോഹിച്ചെന്നും സ്വാമിയുടെ കുറിപ്പിലുണ്ടെന്നാണ് കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയത്. 1997ലാണ് ബസവലിംഗ സ്വാമി മഠാധിപതിസ്ഥാനം ഏറ്റെടുത്തത്. 400 വര്‍ഷം പഴക്കമുള്ള പ്രമുഖ മഠമായ രാമനഗരയിലെ മാഗഡി കുഞ്ചുഗല്‍ബംഡേ മഠത്തില്‍ ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ മരണമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഡിസംബറില്‍ രാമനഗരയിലെ മറ്റൊരു പ്രധാന മഠമായ ചിലുമെ മഠത്തിലെ മഠാധിപതിയെ മഠത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെ കഴിഞ്ഞമാസം ബെലഗാവിയിലെ ഒരു മഠാധിപതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *