ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍.
ആലപ്പുഴ: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) അഖിലേന്ത്യ ഓര്‍ഗനൈസര്‍ മലപ്പുറം ആതവനാട് പുന്നത്തല മാനകനകത്തില്‍ ഇബ്രാഹിം (48) ആണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് സെപ്റ്റംബര്‍ 23ന് നടത്തിയ ഹര്‍ത്താല്‍ കേസില്‍ കഴിഞ്ഞയാഴ്ച ഇയാളെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് മുദ്രാവാക്യക്കേസ് ബന്ധമറിയുന്നത്. ആലപ്പുഴ പൊലീസെത്തി ഇയാളെ കസ്റ്റഡിയില്‍ വാങ്ങി.
മെയ് 21ന് നടന്ന റാലിയിലാണ് പത്തുവയസുകാരന് വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. കുട്ടിയുടെ അച്ഛന്, തോളത്തേറ്റിയയാള്, പരിശീലിപ്പിച്ചവര്‍, പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ എന്നിവരടക്കം 35 പ്രതികളുള്ള കേസില്‍ 33 പേര് പിടിയിലായിരുന്നു. 35ാം പ്രതിയാണ് ഇബ്രാഹിം. പ്രകടനത്തിനും മറ്റും ആള്‍ക്കാരെ സംഘടിപ്പിക്കുന്ന ചുമതലയായിരുന്നു ഇയാള്‍ക്ക്. റാലിയില്‍ മലപ്പുറത്തുനിന്ന് ആള്‍ക്കാരെ എത്തിച്ചത് ഇബ്രാഹിമാണെന്ന് പൊലീസ് പറഞ്ഞു
രണ്ടാംപ്രതി പിഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബാണ് കേസില്‍ ഇനി പിടിയിലാകാനുള്ളത്. ഇയാളുടെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചിരിക്കുകയാണ്. പിഎഫ്ഐ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം (30) ഒന്നാംപ്രതിയും ഈരാറ്റുപേട്ട നടയ്ക്കല്‍ പാറനാനി അന്‍സാര്‍ നജീബ് (30) മൂന്നാം പ്രതിയുമാണ്.