മന്ത്രി കെ.എന്‍.ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ അപ്രീതി രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

Spread the love

തിരുവനന്തപുരം: തനിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ മന്ത്രി കെ.എന്‍.ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ അപ്രീതി രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി.
മന്ത്രി ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തോടുള്ള പ്രീതി നഷ്ടമായെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു. കേരളത്തിലെയും ദേശീയ തലത്തിലെയും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ബാലഗോപാലിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കാനും ഗവര്‍ണര്‍ ഓഫിസിന്റെ അന്തസ്സ് ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു.
യുപിയില്‍ ഉള്ളര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണ് എന്ന് ഗവര്‍ണറുടെ കത്തില്‍ പറയുന്നു. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍ ഗവര്‍ണറുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന മറുപടി ഇന്നു രാവിലെ മുഖ്യമന്ത്രി നല്‍കി.
നേരത്തെയും വിവാദ പ്രസ്താവനകളില്‍ മന്ത്രിമാര്‍ക്കെതിരെ ഗവര്‍ണര്‍ രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *