കോയമ്പത്തൂര്‍ കോട്ടമാട് ക്ഷേത്രത്തിന് സമീപം കാറില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു.

Spread the love

കോയമ്പത്തൂര്‍ ഉക്കടത്ത് കോട്ടമാട് ക്ഷേത്രത്തിന് സമീപം കാറില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2019ല്‍ ഐഎസ് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്തിട്ടുള്ള  ഉക്കടം ജിഎം നഗറിലെ ജബീഷ മുബിന്‍ (25) ആണു മരിച്ചത്.

ജബീഷ മുബിന്റെ ബന്ധങ്ങളെ കുറിച്ച് എന്‍ഐഎ അന്വേഷണം ആരംഭിച്ചു. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ഐഎസ് കേസ് പ്രതി മുഹമ്മദ് അസ്ഹറുദ്ദീനെ ജബീഷ ജയിലില്‍ എത്തി കണ്ടെന്ന് സൂചനയുണ്ട്. ഇത് സ്ഥിരീകരിക്കാന്‍ ജയിലിലെ സന്ദര്‍ശന രജിസ്റ്റര്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അസ്ഹറുദ്ദീന്റെ ഉറ്റകൂട്ടുകാരനാണ് ജബീഷയെന്നും സൂചനയുണ്ട്.

ജബീഷ ലക്ഷ്യമിട്ടത് ശ്രീലങ്കയില്‍ 2019ല്‍ നടന്ന ഈസ്റ്റര്‍ദിന ചാവേര്‍ സ്‌ഫോടനത്തിന് സമാനമായ ആക്രമണത്തിന് ആണെന്നും സൂചനയുണ്ട്.
കോയമ്പത്തൂര്‍ നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് ആരാധനാലയങ്ങളില്‍ ഒന്നിനുമുന്നില്‍ സ്‌ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടതെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. നേരത്തെയും ഇയാള്‍ ആരാധനാലയം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് പദ്ധതി തകര്‍ക്കുകയായിരുന്നു.

ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന ബോംബാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന സഹ്‌റാന്‍ ഹാഷിം, മുബീന്റെ ഫെയ്സ്ബുക്ക് സുഹൃത്തായിരുന്നു. ഇക്കാര്യം അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് ഇയാളെ നിരീക്ഷണത്തിലാക്കിയത്. അതേസമയം പൊട്ടിത്തെറിച്ചത് പെട്രോള്‍ കാറാണെന്ന് സ്ഥിരീകരിച്ചു. പാചകവാതക സിലിണ്ടറുകള്‍ കാറിനുള്ളില്‍ നിറച്ചത് സ്‌ഫോടനത്തിന്റെ തീവ്രത കൂട്ടായിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

1998 ഫെബ്രുവരി 14ന് 59 പേര്‍ കൊല്ലപ്പെടുകയും 200ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരക്കേസില്‍ ഒന്നാം പ്രതിയും നിരോധിത സംഘടനയായ അല്‍ ഉമയുടെ സ്ഥാപകന്‍ എസ്എ ബാഷയുടെ സഹോദരനുമായ നവാബിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെ നവാബിന്റെ മകന്‍  മുഹമ്മദ് ധല്‍ഹ ഉള്‍പ്പെടെയുള്ള 5 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. നവാബ് ഇസ്മയില്‍, ഫിറോസ് ഇസ്മയില്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.

ശനിയാഴ്ച രാത്രി 11.45 ന് അറസ്റ്റിലായവര്‍ സ്ഫോടനം നടന്ന ഗ്യാസ് സിലിണ്ടര്‍ പോലെയുള്ള വസ്തു പൊതിഞ്ഞ് കാറില്‍ കയറ്റുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് സ്ഫോടനം ഉണ്ടായത്. കാറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിലാണ് ജബീഷ മുബിന്‍ കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ട് സിലിണ്ടറുകളില്‍ ഒന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *