അന്തിമ തീരുമാനം ഗവർണറുടെത്; വി സിമാർക്ക് തൽക്കാലം തുടരാം

Spread the love

അന്തിമ തീരുമാനം ഗവർണറുടെത്; വി സിമാർക്ക് തൽക്കാലം തുടരാം: ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ വായിക്കാം.

കൊച്ചി: ചാൻസലറായ ഗവർണർ അന്തിമതീരുമാനം എടുക്കുന്നതുവരെ സംസ്ഥാനത്തെ ഒൻപത് സർവകലാശാലാ വൈസ് ചാൻസലർമാർക്കും തൽക്കാലം പദവിയിൽ തുടരാമെന്ന് ഹൈക്കോടതി. രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ വിസിമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. കാരണം കാണിക്കൽ നോട്ടിസ് നൽകിയതോടെ ഉടന്‍ രാജിവയ്ക്കണമെന്ന കത്ത് അസാധുവായെന്ന് കോടതി നിരീക്ഷിച്ചു. നിയമപ്രകാരം നീക്കം ചെയ്യപ്പെടുന്നതുവരെ വിസിമാര്‍ക്ക് തുടരാം.

സുപ്രീംകോടതി വിധിപ്രകാരം കടുത്ത നടപടിയിലേക്ക് കടക്കും മുന്‍പ് നടത്തിയ അഭ്യർഥന മാത്രമായിരുന്നു ഗവര്‍ണറുടേത്. വിസിമാര്‍ക്ക് മാന്യമായി പുറത്തേക്ക് പോകാനുള്ള അവസരമാണ് ഗവര്‍ണര്‍ നല്‍കിയത്. വിശദീകരണം നൽകാനും വിസിമാരുടെ ഭാഗം കേൾക്കാനുമായി 10 ദിവസത്തെ സാവകാശം കാരണം കാണിക്കൽ നോട്ടിസിൽ നൽകിയിട്ടുണ്ട്. വിസിമാർക്ക് എന്താണ് പറയാനുള്ളതെന്ന് ഗവർണർ കേൾക്കണം. വിശദീകരണം കേൾക്കാതെ കടുത്ത നടപടി എടുക്കില്ലെന്ന് ഗവർണർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനു ശേഷം ചാൻസലർക്ക് നടപടിയെടുക്കാമെന്നും കോടതി അറിയിച്ചു. നിയമപരമായി മാത്രമേ വിസിമാരെ പുറത്താക്കാൻ സാധിക്കൂവെന്നും കോടതി ഉത്തരവിൽ‌ വ്യക്തമാക്കി.

സാങ്കേതിക സർവകലാശാല വിസി നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയതായി ഹൈക്കോടതി വാദത്തിനിടെ പറഞ്ഞു. ആ വിധി ബാധകമാണെങ്കിൽ, വിസിമാർക്ക് ഒക്‌ടോബർ 24 വരെ സമയം നൽകിയ ഗവർണർ മാന്യനാണ്. ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കിൽ അതുവരെ തുടരാമെന്ന് വാദിക്കുന്നത് എങ്ങനെ ശരിയാകുമെന്നും വിസിമാരോട് ഹൈക്കോടതി ചോദിച്ചു. നിയമന അധികാരി ചാൻസലറാണ്, എന്തുകൊണ്ട് ചാൻസലർക്ക് നടപടിയെടുത്തുകൂടായെന്നും കോടതി ചോദിച്ചു.

നിയമനം അസാധുവാണെന്ന് ചാൻസലർക്ക് തോന്നിയാൽ, നിങ്ങളെ നീക്കം ചെയ്യാൻ അദ്ദേഹത്തിന് അധികാരമുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അതിനുള്ള അധികാരമില്ലെന്ന് വിസിമാർ മറുപടി നൽകി. അഡ്മിനിസ്ട്രേറ്റീവ് നിയമത്തിൽ, സാധുവായ ഉത്തരവുകളൊന്നുമില്ല. ഒന്നുകില്‍ നിയമനം ചോദ്യം ചെയ്യപ്പെടണം. അല്ലെങ്കില്‍ കോടതി ഇടപെടണം. നിയമപ്രകാരം മാത്രമേ ചാൻസലർക്ക് നടപടി എടുക്കാൻ സാധിക്കൂ. അല്ലാതെ നീക്കം ചെയ്യാനാകില്ലെന്നും വിസിമാർ വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ എന്തിനു കക്ഷിയാക്കിയതെന്ന് കോടതി ചോദിച്ചപ്പോൾ ആരുടെയും പക്ഷംപിടിക്കുന്നില്ലെന്ന് എജി ഹൈക്കോടതിയെ അറിയിച്ചു.

ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ് ചേർന്നാണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്. തൽസ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിസിമാര്‍ ഹർജി നൽകിയത്. ഗവർണറുടെ നോട്ടിസ് നിയമപരമല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും വിസിമാർ നൽകിയ ഹർജിയിൽ പറയുന്നു. ‘‘രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗവർണറുടെ നോട്ടിസ് സ്റ്റേ ചെയ്യണം. ഗവർണറുടെ നിർദേശത്തിന് ആധാരമായ രേഖകൾ വിളിച്ചുവരുത്തണം. വിസിമാരുടെ പ്രവർത്തനങ്ങളിൽ ഗവർണർ ഇടപെടുന്നത് തടയണം. വിസിമാരുടെ രാജി ആവശ്യപ്പെടാൻ ഗവർണർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കണം’’– എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം സർവകലാശാലകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്), എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവടങ്ങളിലെ വിസിമാർക്കാണ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ അടിയന്തര നിർദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *