കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാർഗേയ്ക്ക് വിജയം. കരുത്ത് കാട്ടി തരൂർ
ന്യൂഡൽഹി: കോൺഗ്രസിനെ ഇനി കർണാടകയിൽ നിന്നുള്ള ദലിത് നേതാവ് മല്ലികാർജുൻ ഖർഗെ നയിക്കും. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പിൽ 8000ൽ അധികം വോട്ടു നേടിയാണ് ഖർഗെയുടെ വിജയം. എതിർ സ്ഥാനാർഥി ശശി തരൂരിന് 1072 വോട്ടു ലഭിച്ചു. അതേസമയം, കോൺഗ്രസ് ഔദ്യോഗികമായി അന്തിമ ഫലം പുറത്തു വിട്ടിട്ടില്ല. രണ്ടര പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് ഒരാൾ കോൺഗ്രസ് അധ്യക്ഷനാകുന്നത്.
നിഷ്പക്ഷ തിരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാൽ ഖർഗെയുടെ വിജയം ഉറപ്പായിരുന്നു. കടുത്ത പോരാട്ടം കാഴ്ചവച്ച തരൂർ എത്ര വോട്ടു നേടുമെന്നു മാത്രമായിരുന്നു ആകാംക്ഷ. ആയിരത്തിലധികം വോട്ടു നേടിയതോടെ, ഒറ്റയാനായി മത്സരിച്ച തരൂരിനും കരുത്തു തെളിയിക്കാനായി. മറ്റൊരു രീതിയിൽ പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ ഖർഗെ വിജയിച്ചെങ്കിലും കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയം കീഴടക്കിയത് ശശി തരൂർ തന്നെയാണ്. ഒരുപക്ഷേ പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങുന്നു നിഷ്പക്ഷത യഥാർത്ഥത്തിൽ വന്നിരുന്നെങ്കിൽ ശശി തരൂർ വിജയിച്ചു വരുമായിരുന്നു.