കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചനെ ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്.

Spread the love

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചനെ ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. പിഴ അടയ്ക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പിഴത്തുക അടച്ചാല്‍ മാത്രമെ മോചനം സാധ്യമാകുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സത്യവാങ്മൂലത്തില്‍ അറിയിച്ചത്.

ജസ്റ്റിസുമാരായ അനിരുദ്ധ ബോസും വിക്രംനാഥും അടങ്ങുന്ന ബഞ്ചിന്റെതാണ് ഉത്തരവ്. കേസിലെ മറ്റ് രണ്ട് പ്രതികളായ മണികണ്ഠന്‍,വിനോദ് കുമാര്‍ എന്നിവര്‍ക്ക് പിഴ അടക്കാതെ തന്നെ ജയില്‍ മോചനം സാധ്യമായെങ്കില്‍ മണിച്ചനും അതേ ആനുകൂല്യം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ഒരു മനുഷ്യന്റെ കൈയില്‍ പണമില്ലെന്ന് കരുതി എത്രകാലം ജയിലില്‍ പാര്‍പ്പിക്കുമെന്നും സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു.

കല്ലുവാതക്കല്‍ മദ്യദുരന്തക്കേസിലെ പ്രതികളില്‍ നിന്ന് ലഭിക്കുന്ന പിഴത്തുക നഷ്ടപരിഹാരമായി ഇരകള്‍ക്ക് നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. സംസ്ഥാനത്ത് വ്യാജമദ്യം തടയാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ പരാജയമാണ്. അങ്ങനെയെങ്കില്‍ സര്‍ക്കാരിന് എന്തുകൊണ്ട് പിഴനല്‍കിക്കൂടെയെന്ന് കോടതി വാക്കാല്‍ ചോദിക്കുകയും ചെയ്തു

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസുമായി ബന്ധപ്പെട്ട് മണിച്ചന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമെ, 30 ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം രൂപ അടയ്ക്കണമെന്നും സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. ഈ പിഴത്തുക ഇരകള്‍ക്ക് നല്‍കാനും കോടതി വിധിച്ചിരുന്നു.സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം മണിച്ചന്റെ ജയില്‍ മോചനത്തിനുള്ള ഉത്തരവ് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയിരുന്നു. എന്നാല്‍ പിഴത്തുക അടയ്ക്കാനാകാത്തതിലാണ് മണിച്ചന്റെ ജയില്‍ മോചനം സാധ്യമാകാത്തതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *