പുതിയ കോണ്‍ഗ്രസ് അധ്യക്ഷനാരെന്ന് ഇന്ന് അറിയാം.
ന്യൂഡല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനാരെന്ന് ഇന്ന് അറിയാം. ഇന്ന് രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് മുമ്പേ ഫലമറിയാനും ഉച്ചയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനും സാധിക്കും. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അനായാസ ജയം നേടും എന്നാണ് പൊതുവിലയിരുത്തല്‍. ഖാര്‍ഗെയുടെ വിജയം നേതൃത്വം ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. എങ്കിലും തരൂരിന് കിട്ടുന്ന പിന്തുണ എത്രത്തോളമെന്ന് അറിയാന്‍ ഔദ്യോഗിക പക്ഷത്തിന് ആകാംക്ഷയുണ്ട്. അധ്യക്ഷനാരായാലും പാര്‍ട്ടി നിയന്ത്രണം ഗാന്ധി കുടംബത്തിന്റെ കൈയിലായിരിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ സൂചന നല്‍കി.
വിവിധ പിസിസികളില്‍ സജ്ജീകരിച്ച പോളിംഗ് ബൂത്തുകളില്‍ നിന്നും ഇന്നലെയോടെ 68 ബാലറ്റ് പെട്ടികള്‍ സ്‌ട്രോംഗ് റൂമിലേക്ക് എത്തിച്ചിരുന്നു. സ്‌ട്രോംഗ് റൂം തുറന്ന് ഈ ബാലറ്റ് പെട്ടികള്‍ പുറത്തെടുക്കുകയും. അതിനകത്ത് നിന്നും ബാലറ്റ് പേപ്പറുകള്‍ കൂട്ടികലര്‍ത്തുകയും ചെയ്യും. ഇതിനു ശേഷം നൂറ് ബാലറ്റ് പേപ്പറുകള്‍ വീതം ഒരോ കെട്ടാക്കി മാറ്റും. ഇതിനു ശേഷമാണ് നാല് മുതല്‍ ആറു വരെ ടേബിളുകളിലായി വോട്ടെണ്ണല്‍ ആരംഭിക്കുക.