മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച മകനെ വെടിവെച്ച് കീഴടക്കി പോലീസ്
മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച മകനെ വെടിവെച്ച് കീഴടക്കി പോലീസ്
കോഴിക്കോട്: ലഹരി ഉപയോഗിച്ചെത്തി കലഹമുണ്ടാക്കുകയും അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമാസക്തനായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ കീഴടക്കാൻ പോലീസ് രണ്ട് റൗണ്ട് ആകാശത്തേക്ക് വെടിവച്ചു.
കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവരെയാണ് മകൻ ഷൈൻ കുത്തിപ്പരിക്കേൽപ്പിച്ചത്. ഷാജിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയാണ് സംഭവം. മാതാപിതാക്കളെ കുത്തിയശേഷം മയക്കുമരുന്നിന്റെ ലഹരിയിലായിരുന്ന മകൻ ഏറെ നേരം ഭീതി പരത്തി. പോലീസിന് മുന്നിൽ വച്ചാണ് ഷൈൻ ആക്രമണം നടത്തിയത്.
ഷാജിയുടെ നെഞ്ചിലാണ് ഷൈൻ ആദ്യം കുത്തിയത്. പിന്നീട് കഴുത്തിലും കാലിലും കുത്തി. അമ്മ ബിജിയുടെ മുതുകിലും ഷൈൻ കത്തി കുത്തിയിറക്കി. ഈ സാഹചര്യത്തിലാണ് പോലീസ് രണ്ടുതവണ വെടിയുതിർത്തത്. മൽപ്പിടുത്തത്തിനിടെ ഷൈനും പരിക്കേറ്റിരുന്നു. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.