കൂട്ടിക്കൽ പ്രകൃതി ദുരന്തത്തിന് ഒരു വർഷം
മുണ്ടക്കയം: മലയോര മേഖലയിൽ ദുരിതം പെയ്തിറങ്ങിയിട്ട് ഇന്ന് 2022 ഒക്ടോബർ 16 ന് ഒരു വർഷം. കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിൽ പ്രകൃതി താണ്ഡവമാടിയപ്പോൾ എല്ലാം നഷ്ടപ്പെട്ട ജനത ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. പ്രളയത്തിലും ഉരുൾപൊട്ടലിലുമടക്കം മേഖലയിൽ 22 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്.
കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളിയിൽ 4 പേർക്കും കാവാലിയിൽ 6 പേർക്കും കൊക്കയാറ്റിലെ മാക്കൊച്ചിയിൽ 7പേർക്കും ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപെട്ടു. ഒഴുക്കിൽപ്പെട്ടും മണ്ണിടിഞ്ഞും ജീവൻ നഷ്ടമായത് അഞ്ചു പേർക്കാണ്. കാവാലിയിൽ ആറുപേരടങ്ങുന്ന ഒരു കുടുംബത്തെ ഒന്നാകെയാണ് ഉരുൾ കവർന്നത്.മാക്കൊച്ചിയിൽ ജീവൻ നഷ്ടമായ 7 പേരിൽ 5 പേരും ഒരു കുടുംബത്തിലെയാണ്. പ്രളയവും മണ്ണിടിച്ചിലും മലയോര മേഖലയെ സാമൂഹ്യമായും സാമ്പത്തികമായും പൂർണമായും തകർത്തു.ചെറുതും വലുതുമായ 17 പാലങ്ങളാണ് പ്രളയജലം കരകവിഞ്ഞെഴുകിയപ്പോൾ തകർന്നത്. കൂട്ടിക്കൽ ടൗൺ പ്രളയജലം കൊണ്ട് മൂടിയപ്പോൾ 90ലധികം വ്യാപാരികൾക്ക് സർവതും നഷ്ടമായി. കൂട്ടിക്കൽ പഞ്ചായത്തിലെ കുടിവെള്ള പദ്ധതികൾ പൂർണ്ണമായും മലവെള്ളം കയറി തകർന്നു. പ്രളയത്തിൽ കൂട്ടിക്കൽ പഞ്ചായത്തിൽ മാത്രം 15 പേർക്കാണ് വീടും സ്ഥലവും നഷ്ടമായത്. വീടുകൾ മാത്രം നഷ്ടമായത് 350 ഓളം പേർക്ക്. കൊക്കയാറ്റിൽ 241വീടുകൾ തകർന്നു. മുണ്ടക്കയം പഞ്ചായത്തിൽ 172 വീടുകൾ പൂർണമായും 131 വീടുകൾ ഭാഗികമായും തകർന്നുപോയി. ഇതിൽ മരണം സംഭവിച്ച കുടുംബങ്ങൾക്കും വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങൾക്കും ആണ് ഒരു പരിധിവരെ എങ്കിലും സർക്കാർ സഹായം കാര്യമായി ലഭ്യമായത്. മറ്റുള്ളവർക്ക് എല്ലാം നാട്ടുനടപ്പനുസരിച്ചുള്ള നഷ്ടപരിഹാരം മാത്രമായൊതുങ്ങി . കൂട്ടിക്കൽ ടൗണിലെ വ്യാപാരികളുടെ നഷ്ടം എത്രയെന്ന് പോലും അധികാരികൾ ഇതുവരെ ആരാഞ്ഞിട്ടില്ല. സർവതും നഷ്ടപ്പെട്ട ജനതയ്ക്ക് സാമൂഹ്യ സംഘടനകൾ മാത്രമാണ് തുണയായത് ദുരന്തം സംഭവിച്ച് ഒരു വർഷം പിന്നിടുമ്പോഴും അതിജീവനത്തിന്റെ പോരാട്ടത്തിലാണ് മലയോര ജനത.
|