കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി 19 ന്.

Spread the love

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി 19 ന്. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് ഹര്‍ജിയില്‍ വിധി പറയുന്നത്.
മദ്യപിച്ച് അമിത വേഗത്തില്‍ വാഹമോടിക്കാന്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫ ഫിറോസിനെതിരായ കുറ്റം. എന്നാല്‍ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സാക്ഷികള്‍ തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നുമാണ് വഫയുടെ വാദം. കേസില്‍ നിന്നും ഒഴിവാക്കണെമന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനും കോടതിയെ സമീപിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ചുവെന്ന തെളിയിക്കാന്‍ പൊലീസിന് കഴിയാത്തതിനാല്‍ തനിക്കെതിരായ കുറ്റം നിലനില്‍ക്കില്ലെന്നാണ് ശ്രീറാമിന്റെ വാദം.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം. ഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പൊലീസും പറഞ്ഞിരുന്നു. എന്നാല്‍, ദൃക്‌സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെറയും പൊലീസിന്റെയും നീക്കം പൊളിച്ചു. സ്റ്റേഷനിലെത്തിച്ച ശേഷം വിട്ടയച്ച വഫ ഫിറോസിനെ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വാഹനമോടിച്ചത് ശ്രീറാമാണെന്ന് വഫ പൊലീസിന് മൊഴി നല്‍കി.
അപകടകരമായ നിലയില്‍ വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചതിന് വഫയെ പൊലീസ് രണ്ടാം പ്രതിയാക്കി. പിന്നീട് വഫ ഫിറോസിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പിന്നീട്, ശ്രീറാമിനെതിരെ പരസ്യ പ്രസ്താവനയുമായി വഫ രംഗത്തെത്തി. കഴിഞ്ഞ മാസം 9 ന് വഫ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. അപകട ദിവസം കെ.എം ബഷീറിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടമായിരുന്നു. എന്നാല്‍ ഈ ഫോണ്‍ കണ്ടെത്താന്‍ പൊലീസിന് കഴിയാത്തത് ദുരൂഹമാണ്. ഫോണില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ ചില തെളിവുകള്‍ ഉള്ളതായി സംശയിക്കുന്നുവെന്നും ഹര്‍ജിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *