മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ ആദ്യ അറസ്റ്റ്.
ബംഗളൂരു: മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ ആദ്യ അറസ്റ്റ്. വിവാഹവാഗ്ദാനം നല്‍കി മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയില്‍ സയിദ് മൊയീന്‍ എന്ന 24 കാരനെയാണ് ബംഗ്ലൂരു പൊലീസ് അറസ്റ്റ് ചെയ്തത്. 19 കാരിയായ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിന്‍മേലാണ് അറസ്റ്റ്. സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയുമുള്ളതാണ് മതപരിവര്‍ത്തന നിരോധന നിയമം.
പുതിയ നിയമപ്രകാരം നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയാല്‍ അഞ്ചു വര്‍ഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതംമാറ്റിയാല്‍ മൂന്നുമുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ഈടാക്കാം. കൂട്ട മതപരിവര്‍ത്തനത്തിന് പത്തു വര്‍ഷം തടവും ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ.
ഒക്ടോബര്‍ 3നാണ് ഈ പെണ്‍കുട്ടിയെ കാണാതെ പോകുന്നത്. അഞ്ചാം തീയതി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യശ്വന്ത്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുന്നു. ഇതിനിടെ ഒക്ടോബര്‍ 8ാം തീയതിയോടെ ഈ പെണ്‍കുട്ടി സയീദ് മൊയീനൊടൊപ്പം തന്നെ സ്റ്റേഷനില്‍ ?ഹാജരാകുന്നു. രണ്ടുപേരും പരസ്പര സമ്മത പ്രകാരം വിവാഹം കഴിക്കാന്‍ പോയതാണെന്ന് പറയുന്നു. തുടര്‍ന്ന് ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്ന പരാതി നല്‍കുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോയി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതം മാറ്റിയെന്ന് കണ്ടെത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായി കേസെടുത്തിരിക്കുന്നത്. കടുത്ത ശിക്ഷാ നടപടികളാണ് വരുന്നത്. കുറഞ്ഞത് 7 വര്‍ഷമെങ്കിലും തടവുള്‍പ്പെടെ ജാമ്യമില്ലാത്ത വ്യവസ്ഥകളാണ് ഈ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. സെപ്റ്റംബറിലാണ് ?ഗവര്‍ണര്‍ ഈ ബില്ലില്‍ ഒപ്പു വെക്കുകയും അത് നിയമമാകുകയും ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ ഉണ്ടായിരിക്കുന്നത്.
ബംഗളൂരുവില്‍ ദലിത് യുവാവിനെ നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയമാക്കിയെന്ന പരാതിയില്‍ മുന്‍ കൗണ്‍സിലറെയും സഹായികളെയും ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ദലിത് യുവാവിനെ നിര്‍ബന്ധിതമായി ഇസ്ലാം മതത്തിലേക്ക് മാറ്റിയെന്നും ലിംഗാഗ്ര ചര്‍മം ഛേദിക്കുകയും ബീഫ് നല്‍കുകയും ചെയ്‌തെന്നുമാണ് ആരോപണം. ബിബിഎംപി കൗണ്‍സിലില്‍ ബനശങ്കരി ക്ഷേത്രം മുന്‍ കൗണ്‍സിലര്‍ എസ് അന്‍സാര്‍ പാഷ (50), ബനശങ്കരി മസ്ജിദ് ഖബറിസ്ഥാന്‍ പ്രസിഡന്റ് നയാസ് പാഷ (50), ഹാജി സാബ് എന്ന ഷമീം സാലിക്ക് (50) എന്നിവരെയാണ് ബുധനാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്.
മസ്ജിദ് കമ്മിറ്റി അംഗം കൂടിയാണ് അന്‍സാര്‍ പാഷ. മറ്റൊരു നിര്‍ബന്ധിത മതപരിവര്‍ത്തന കേസില്‍ അതാര്‍ റഹ്മാന്‍ (35), ഷബീര്‍ (30) എന്നിവരെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഒരു എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.