വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കാമോയെന്ന വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും.
ന്യൂഡല്‍ഹി: വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കാമോയെന്ന വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ചാണ് പത്തുദിവസം വാദംകേട്ട കേസില്‍ വിധിപറയുന്നത്. കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് ശരിവെച്ച ഹൈക്കോടതി വിധി ചോദ്യംചെയ്യുന്ന ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
ഹിജാബ് ധരിക്കുന്നത് ഇസ്‌ലാംമതത്തിലെ അനിവാര്യമായ ആചാരമാണോ എന്നതിനെ മുന്‍നിര്‍ത്തിയായിരുന്നു വാദങ്ങള്‍. മതപരമായി മാത്രമല്ല, സാംസ്‌കാരികമായ ആചാരമാണെങ്കില്‍പ്പോലും ഹിജാബ് വിലക്കാനാവില്ലെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്.
അതേസമയം, 2021 വരെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ആരും ഹിജാബ് ധരിച്ചിരുന്നില്ലെന്നും അതിനുശേഷം പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് അതുണ്ടായതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത വാദിച്ചു.
അതേസമയം, ഹിജാബ് ധരിക്കാനുള്ള അവകാശം സാംസ്‌കാരികമായ അവകാശംകൂടിയാണെന്നും വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്നുമാണ് മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചത്. ഹിജാബ് ധരിക്കുന്നത് മതപരമായ അനിവാര്യതയാണോ എന്നതിലുപരി അത്തരം ആചാരം ശരിയായരീതിയില്‍ നിലവിലുണ്ടോ എന്നതുമാത്രമേ പരിശോധിക്കേണ്ടതുള്ളൂവെന്ന് അഡ്വ. പ്രശാന്ത് ഭൂഷണും ചൂണ്ടിക്കാട്ടിയിരുന്നു.