ഓണ്‍ലൈന്‍ ആപ്പ് വഴി ആള്‍മാറാട്ടം നടത്തി യുവതിയെ കബളിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂര്‍: ഓണ്‍ലൈന്‍ ആപ്പ് വഴി ആള്‍മാറാട്ടം നടത്തി യുവതിയെ കബളിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീവില്ലിപുത്തൂര്‍ കൂമപട്ടി വടക്ക് രഥവീഥിയില്‍ എ. പരമശിവ(40)ത്തെയാണ് സിറ്റി ക്രൈംബ്രാഞ്ച് പിടികൂടിയത്. നഗ്‌നഫോട്ടോകളും വീഡിയോകളും കൈക്കലാക്കി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി സംഭവത്തില്‍ പരാതി നല്‍കിയത്. നഗ്‌നഫോട്ടോകള്‍ പ്രതി ബന്ധുക്കള്‍ക്ക് അയച്ചുനല്‍കിയതായും ഐ.ടി. ജീവനക്കാരിയായ യുവതി നല്‍കിയ പരാതിയിലുണ്ടായിരുന്നു.
എന്‍ജിനീയറിങ് ബിരുദധാരിയായ പ്രതി യോയോ എന്ന ആപ്പ് വഴിയാണ് കോയമ്പത്തൂര്‍ സ്വദേശിയായ 24കാരിയെ പരിചയപ്പെട്ടത്. സ്വന്തം ഫോട്ടോയ്ക്ക് പകരം കാണാന്‍ ഭംഗിയുള്ള മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ചായിരുന്നു പ്രതിയുടെ തട്ടിപ്പ്. തുടര്‍ന്ന് ഇയാള്‍ ടെലഗ്രാം ആപ്പ് വഴിയും വാട്‌സാപ്പിലൂടെയും യുവതിയുമായി ബന്ധപ്പെട്ടു. വാട്‌സാപ്പിലും ടെലഗ്രാമിലുമെല്ലാം മറ്റൊരാളുടെ ഫോട്ടോയാണ് ഇയാള്‍ ഡി.പി.യായി ഉപയോഗിച്ചിരുന്നത്. ഇതോടെ യുവതി ഇയാളുമായി കൂടുതല്‍ അടുപ്പത്തിലാവുകയും പ്രതിയുടെ ആവശ്യപ്രകാരം നഗ്‌നഫോട്ടോകള്‍ അയച്ചുനല്‍കുകയും ചെയ്തു.
ഇതിനുപിന്നാലെയാണ് തനിക്ക് നേരില്‍ കാണണമെന്ന് യുവതി പ്രതിയോട് ആവശ്യപ്പെട്ടത്. ഇരുവരും തമ്മില്‍ നേരില്‍ക്കണ്ടതോടെ യുവാവ് തന്നെ കബളിപ്പിച്ചതായി യുവതി തിരിച്ചറിഞ്ഞു. ഇതോടെ യുവതി ബന്ധത്തില്‍നിന്ന് പിന്മാറി. എന്നാല്‍ ഇതിന്റെ പ്രതികാരത്തില്‍ യുവാവ് നഗ്‌നഫോട്ടോകള്‍ ബന്ധുക്കള്‍ അയച്ചുനല്‍കിയെന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
അറസ്റ്റിലായ പരമശിവം ഇത്തരത്തില്‍ നിരവധിപേരെ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.