ഓസ്ട്രേലിയൻ രാഷ്ട്രീയത്തിലും ഇനി മലയാളിത്തിളക്കം
ഓസ്ട്രേലിയൻ രാഷ്ട്രീയത്തിലും ഇനി മലയാളിത്തിളക്കം; മെൽബണിൽ സ്റ്റേറ്റ് ഇലക്ഷൻ സ്ഥാനാർത്ഥിയായി മലയാളിയായ ജോർജ് പാലക്കലോടി തിരഞ്ഞെടുക്കപ്പെട്ടു; തിരഞ്ഞെടുക്കപ്പെട്ടത് കോട്ടയം കുറവിലങ്ങാട് സ്വദേശി
മെൽബൺ: ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ ഇനി മലയാളിത്തിളക്കം. ഓസ്ട്രേലിയയിലെ മെൽബൺ തിരഞ്ഞെടുപ്പിൽ സ്റ്റേറ്റ് ഇലക്ഷൻ സ്ഥാനാർത്ഥിയായി മലയാളി തിരഞ്ഞെടുക്കപ്പെട്ടതാണ് ഇപ്പോൾ ചർച്ചയായി മാറിയത്. ഓസ്ട്രേലിയയിലെ വിക്ടോറിയയിലെ സ്റ്റേറ്റ് ഇലക്ഷനിൽ മെൽബണിൽ നിന്നുള്ള സ്ഥാനാർത്ഥിയായാണ് മലയാളിയായ ജോർജ് പാലക്കലോടിയെ (അരുൺ ജോർജ് മാത്യു പാലക്കലോടി) തിരഞ്ഞെടുത്തിരിക്കുന്നത്. ഓസ്ട്രേലിയയിലെ പ്രതിപക്ഷ കക്ഷിയായ ലിബറൽ പാർട്ടിയുടെ സ്ഥാനാർഥിയായാണ് ജോർജ് പാലക്കലോടി മത്സരിക്കുക. കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് ജോർജ് പാലക്കലോടി.
2006ൽ ഉപരിപഠനത്തിനായി ഓസ്ട്രേലിയയിൽ എത്തിയ ജോർജ് പാലക്കലോടി, ഐ ടി യിൽ ബിരുധാനാന്ത ബിരുദധാരിയാണ്. വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ലിബറൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മാധ്യമ പ്രവർത്തന രംഗത്തും സംഘടനാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം ആയ ജോർജ് പാലക്കലോടി ഓസ്ട്രേലിയൻ മലയാളികൾക്കിടയിൽ സുപരിചിതനും സർവ്വസമ്മതനുമാണ്.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി ഓസ്ട്രേലിയ) ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ ജോർജ് പാലക്കലോടിയുടെ സാമൂഹിക സാംസ്കാരിക മേഖലകളിലുള്ള പ്രവർത്തങ്ങളും, സംഭാവനകളും, അദ്ദേഹത്തിന്റെ ലിബറൽ ആശയങ്ങളും മുൻനിർത്തിയാണ് അദ്ദേഹത്തെ ഈ സ്ഥാനത്തെക്ക് തിരഞ്ഞെടുത്തത് എന്ന് ലിബറൽ പാർട്ടി അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.
കുറവിലങ്ങാട് പാലക്കലോടിയിൽ പരേതനായ പി വി മാത്യുവിന്റെയും, റിട്ടയേർഡ് ബാങ്ക് മാനേജരായ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. ജേർണലിസ്റ്റും സംഘടനാ പ്രവർത്തങ്ങളിൽ സജീവ സാന്നിധ്യവുമായ ഭാര്യ ഗീതു എലിസബത്ത് കോട്ടയം പുത്തൻപുരക്കൽ കുടുംബഗമാണ്. മാത്യു (5 ) ആൻഡ്രൂ (1) എന്നിവരാണ് മക്കൾ.
സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അതീവ സന്തോഷം ഉണ്ടെന്നും, ലിബറൽ പാർട്ടി വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നും, മെൽബണിൽനിന്നും തനിക്ക് മികച്ച വിജയമുണ്ടാവുമെന്നും ജോർജ് പാലക്കലോടി പ്രതികരിച്ചു.
മലയാളികളുടെയും സുഹൃത്തുക്കളുടെയും വലിയ പിന്തുണ തന്നെ ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നുണ്ട്.
തന്റെ സ്ഥാനാർത്ഥിത്വം മറ്റുള്ളവർക്കും മുൻനിരയിലേക്ക് വന്നു പ്രവർത്തിക്കാൻ കൂടുതൽ പ്രചോദനമാവുമെന്ന പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.
വിക്ടോറിയ സ്റ്റേറ്റ് ഇലക്ഷൻ നവംബര് അവസാനത്തോടെ നടക്കും.
ക്യാമ്പയിൻ ഫേസ്ബുക് പേജ് – www.facebook.com/GeorgePalackalody