രാജ്യത്തൊട്ടാകെ ടെലികോം സേവനം നല്കാന് അദാനിക്ക് അനുമതി.
ന്യൂഡല്‍ഹി: തുറമുഖം, വ്യോമയാനം, വൈദ്യുതി വിതരണം, സിമെന്റ് തുടങ്ങിയ മേഖലകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതിനു പിന്നാലെ ടെലികോം സേവനവും പിടിച്ചെടുക്കാന്‍ അദാനി. അദാനി എന്റര്‍പ്രൈസസിന്റെ യൂണിറ്റായ അദാനി ഡാറ്റ നെറ്റ് വര്‍ക്ക്സ് ലിമിറ്റഡിന് രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസന്‍സ് ലഭിച്ചു.
അടുത്തയിടെ നടന്ന 5ജി ലേലത്തില്‍ സ്പെക്ട്രം വാങ്ങിയശേഷമാണ് പുതിയ നീക്കം. 212 കോടി രൂപ മുടക്കി 20 വര്‍ഷത്തേയ്ക്ക് 5ജി സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശമാണ് അദാനി സ്വന്തമാക്കിയത്.
രാജ്യത്തൊട്ടാകെ ടെലികോം സേവനം നല്കാന് ലൈസന്‍സ് നേടിയതോടെ ജിയോ-എയര്‍ടെല്‍ എന്നിവയോട് മത്സരിക്കാനാണ് അദാനിയുടെ നീക്കമെന്ന് വ്യക്തമായി. ലൈസന്‍സ് സ്വന്തമാക്കിയത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ടെലികോം സേവനം നല്കാന് ഉദ്ദേശിക്കുന്നില്ലെന്നും സ്വകാര്യ നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിനാണ് 5ജി സ്പെക്ട്രം വാങ്ങിയതെന്നുമായിരുന്നു നേരത്തെ കമ്പനി പറഞ്ഞിരുന്നത്.
ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്, തമിഴ്നാട്, മുംബൈ ഉള്‍പ്പടെയുള്ള ആറ് സര്‍ക്കിളുകളിലെ സേവനത്തിന് മാത്രമാണ് ലൈസന്‍സ് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, രാജ്യത്തൊട്ടാകെ ടെലികോം, ഇന്റര്‍നെറ്റ് സേവനം നല്കാന് കമ്പനി സജ്ജവുമാണ്.