ഷാഫി സൈക്കോപാത്താണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. നരബലി നടത്തിയത് ദേവിപ്രീതിക്ക് വേണ്ടി എന്ന് വിശ്വസിപ്പിച്ച്.
സാധാരണ മിസിംഗ് കേസല്ലെന്ന് തുടക്കത്തിൽ തന്നെ മനസിലായിരുന്നെന്ന് കമ്മീഷണർ പറഞ്ഞു. കഠിനമായ അന്വേഷണത്തിലൂടെയാണ് നരബലി കേസ് തെളിയിച്ചതെന്നും ഇതിനായി അന്വേഷണം വിപുലീകരിക്കേണ്ടി വന്നെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ സംഘത്തെ പേരെടുത്തുപറഞ്ഞുകൊണ്ട് കമ്മീഷണർ അഭിനന്ദിച്ചു.
സ്‌കോർപിയോ കാറിൽ ഷാഫിയും സ്ത്രീയും പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. ഷാഫിയാണ് നരബലിയുടെ മുഖ്യ ആസൂത്രകൻ. ഗൂഢാലോചനയും ആസൂത്രണവും സ്ത്രീകളെ വലയിലാക്കിയതുമൊക്കെ ഇയാളായിരുന്നു. ഷാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇയാൾ സഹകരിച്ചിരുന്നില്ല.
ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പത്തനംതിട്ടയിലേക്ക് അന്വേഷണം എത്തിയത്. 2019 മുതൽ ഷാഫിക്ക് ഭഗവൽ സിംഗുമായി ബന്ധമുണ്ട്. ഭഗവലും ലൈലയും ഇയാൾ പറയുന്നതെല്ലാം അനുസരിക്കുന്ന സ്ഥിതിയിലായി. ദമ്പതികൾക്ക് ക്രിമിനൽ പശ്ചാത്താപമില്ല. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ കുറ്റബോധമുള്ളതായി തോന്നുന്നില്ല. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷിക്കും. പ്രതികൾ മനുഷ്യമാംസം കഴിച്ചെന്ന് വിവരമുണ്ട്. ഇക്കാര്യത്തിൽ തെളിവ് ശേഖരിച്ചുവരികയാണ്. – അദ്ദേഹം പറഞ്ഞു.
റോസ്‌ലിന്റെ തിരോധാന അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. ജൂണിൽ കാണാതായെങ്കിലും ഓഗസ്റ്റിൽ മാത്രമാണ് പരാതി നൽകിയത്. ഷാഫി രണ്ട് സ്ത്രീകളുടെയും സാമ്പത്തിക പ്രശ്നങ്ങൾ മുതലെടുത്തു. കത്തിയടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. സമാനമായ കുറ്റകൃത്യം മുമ്പും ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.
ഒന്നാം പ്രതി ഷാഫിയും മൂന്നാം പ്രതി ലൈലയും ചേർന്ന് ലൈലയുടെ ഭർത്താവും കേസിലെ രണ്ടാം പ്രതിയുമായ ഭഗവലിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ലൈല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ആദ്യ കൊലയ്ക്ക് ശേഷം തന്നെ ഭഗവൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. രണ്ടാം കൊല കൂടി നടന്ന ശേഷം ഭഗവൽ ഇക്കാര്യം ആരോടെങ്കിലും പങ്കുവയ്ക്കുമോ എന്ന പേടി ലൈലക്കും ഷാഫിക്കുമുണ്ടായിരുന്നു. തുടർന്ന് ലൈലയും ഷാഫിയും ഭഗവലിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. എന്നാൽ പദ്ധതി പ്രാവർത്തികമാക്കും മുൻപേ തന്നെ പൊലീസ് ലോട്ടറി കച്ചവടക്കാരിയായിരുന്ന പദ്മയുടെ തിരോധനം അന്വേഷിക്കുകയും ഷാഫിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇന്നലെയാണ് കേരളത്തെ നടുക്കിയ നരബലിയുടെ വാർത്തകൾ പുറത്ത് വരുന്നത്. കടവന്ത്രയിലെ ലോട്ടറി വിൽപനക്കാരിയായ പദ്മത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരബലിയുടെ ചുരുളഴിച്ചത്. പദ്മത്തേയും തൃശൂർ സ്വദേശിനിയായ റോസ്ലിനെയും അതിക്രൂരമായാണ് ഭഗവൽ സിംഗും, ഭാര്യ ലൈലയും ഏജന്റ് ഷാഫിയുമുൾപ്പെട്ട മൂവർ സംഘം കൊലപ്പെടുത്തിയത്.
ഏറ്റവും ക്രൂരമായി കൊലപാതകത്തിൽ പങ്കെടുത്തത് ലൈലയാണ്. ഇന്നലെ തെളിവെടുപ്പിനായി ലൈലയെ ഇലന്തൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തെ കുറിച്ച് പ്രതി പൊലീസിനോട് വിശദീകരിച്ചത്. വീടിന് സമീപത്തുള്ള കല്ലിൽ വച്ച് കൈകൾ അറുത്ത് മാറ്റിയതും മറ്റും ലൈല വിശദീകരിച്ചു.
റോസ്ലിന്റെ തലയ്ക്കടിച്ചത് ഷാഫിയാണ്. ശേഷം കട്ടിലിൽ കിടത്തി കഴുത്തറുത്തത് ലൈലയാണ്. ഈ കൊലപാതകത്തിന് ശേഷം ദോഷങ്ങൾ മാറാത്തതുകൊണ്ടാണ് പത്മത്തേയും കൊലപ്പെടുത്തിയത്. പത്മത്തിന്റേയും കഴുത്തറുത്ത് കത്തികൊണ്ട് സ്വകാര്യഭാഗത്ത് കത്തി കുത്തി ഇറക്കി ചോര വീട്ടിൽ വീഴ്ത്തുകയായിരുന്നു. ശേഷം പദ്മത്തിന്റെ മൃതദേഹം 56 കഷ്ണങ്ങളാക്കിയാണ് പറമ്പിൽ കുഴിച്ചിട്ടത്. രണ്ട് കുഴിയിലായാണ് ശരീരഭാഗങ്ങൾ കുഴിച്ചിട്ടത്.
എല്ലാം ഷാഫിയുടെ ബുദ്ധിയാണ്. ബലി നൽകാൻ ഷാഫി ആദ്യം ചതിച്ചു കൊണ്ടുവന്നത് റോസ്ലിയെയാണ് . സിനിമയിൽ അഭിനയിച്ചാൽ പത്തു ലക്ഷം രൂപ നൽകാം എന്ന് റോസ്ലിലിനോട് പറഞ്ഞു. തിരുവല്ലയിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ എത്തിച്ച ശേഷം റോസ്ലിനെ കട്ടിലിൽ കിടത്തി . ഭഗവൽ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അർധ ബോധാവസ്ഥയിലാക്കി. സിംഗിന്റെ ഭാര്യ ലൈല കഴുത്തറുത്ത് ചോര വീഴ്ത്തി. റോസ്ലിന്റെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേല്പ്പിച്ചും ചോര വീഴ്ത്തി മുറിയിൽ തളിച്ചും ഭാഗ്യത്തിനായി പ്രാർത്ഥിച്ചു.
റോസ്ലിയെ ബലി നൽകിയിട്ടും സാമ്പത്തികമായി വിജയിക്കാത്തതിനാൽ റഷീദിനെ വീണ്ടും ഭഗവൽ – ലൈല ദമ്പതികൾ ബന്ധപ്പെട്ടു . ശാപം കാരണം പൂജ വിജയിച്ചില്ല എന്ന് പറഞ്ഞ് റഷീദ് മറ്റൊരു നരബലി കൂടി നടത്തണം എന്ന് ആവശ്യപ്പെട്ടു . തുടർന്ന് ഇയാൾ തന്നെ ആണ് കൊച്ചിയിൽ നിന്ന് പത്മയെ കൊണ്ടുവന്നത്. സമാനവിധത്തിൽ തന്നെ പത്മയേയും കൊലപ്പെടുത്തി. പദ്മയുടെ ഫോൺ കോളുകളിൽ നിന്നാണ് ഷാഫിയെക്കുറിച്ച് വിവരം ലഭിച്ചത്. പദ്മയെ കാണാതായ കേസിലെ അന്വേഷണമാണ് റോസ്ലിയേയും സമാന വിധത്തിൽ കൊല ചെയ്ത സംഭവത്തിലേക്ക് പൊലീസിനെ എത്തിച്ചത്.