വടക്കഞ്ചേരി വാഹാനപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറേയും ഉടമയേയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തെ വാഹാനപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറേയും ഉടമയേയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.14 വരെ മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചിരുന്നു.
കെഎസ്ആര്‍ടിസി ബസ് സ്‌റ്റോപ്പ് ചെയ്തതിനാലാണ് അപകടം ഉണ്ടായതെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ മൊഴിയിലും നേരത്തെ പുറത്ത് വന്ന ജോമോന്റെ അശ്രദ്ധയോടെയുളള ഡ്രൈവിംഗ് സംബന്ധിച്ചും പൊലീസിന് വ്യക്തത തേടേണ്ടതുണ്ട്. ബസുടമ അരുണ്‍ അപകടശേഷം ജോമോന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വടക്കഞ്ചേരി വാഹനാപകടത്തില്‍ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് ഹൈക്കോടതിയില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാഹനങ്ങള്‍ക്കു വേഗപ്പൂട്ടു കര്‍ശനമാക്കണമെന്നും കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമായ സാഹചര്യം അതീവ ഗുരുതരമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
5ാം തീയതി വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂര്‍വം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവില്‍ തീരാനോവായി മാറുകയായിരുന്നു. 9 പേരുടെ ജീവനാണ് അപകടത്തില്‍ പൊലിഞ്ഞത്. വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിര്‍പ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂര്‍ത്തി മംഗലത്ത് വച്ച് കെഎസ്ആര്‍ടിസി ബസിന് പുറകില്‍ അതിവേഗത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.
ഇടിയുടെ ആഘാതത്തില്‍ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസില്‍നിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാര്‍ത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്