നാടിനെ നടുക്കിയ നരബലി സംഭവത്തിൽ മുഖ്യ സൂത്രധാരൻ ഷാഫി അറസ്റ്റിൽ.
നരബലി കേസില്‍ ഇടനിലക്കാരന് ഷാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭഗവൽ സിംഗിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും ലൈലക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. സ്ത്രീകളെ കൊന്ന രീതി വിവരിക്കാന്‍ കഴിയാത്ത വിധം ക്രൂരമാണെന്നും കമ്മീഷണർ പറഞ്ഞു.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ലോട്ടറി കച്ചവടം നടത്തുന്ന പത്മത്തെ കാണാതായത് സെപ്റ്റംബര്‍ 26ന്. അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് മകന് ശെല്‍വം കടവന്ത്ര പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പത്മത്തിന്റെ ഫോണിലേക്ക് കൂടുതല്‍ വിളികള്‍ എത്തിയത് പെരുമ്പാവൂര്‍ സ്വദേശി ഷാഫിയില്‍ നിന്നാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കസ്റ്റഡില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് നരബലിയുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇന്നലെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തതോടെ ഷാഫി കുറ്റം സമ്മതിച്ചു.