ഓട്ടോറിക്ഷകളുടെ കുറഞ്ഞ നിരക്കിലുള്ള ദൂരം ഒന്നര കിലോമീറ്ററായി നിലനിർത്തിയേക്കും
തിരുവനന്തപുരം∙ ഓട്ടോറിക്ഷകളുടെ കുറഞ്ഞ നിരക്ക് പുനഃപരിശോധിക്കും. കുറഞ്ഞ നിരക്കിനുള്ള ദൂരം ഒന്നര കിലോമീറ്ററായി തന്നെ നിലനിർത്താനാണ് തീരുമാനം. ഇക്കാര്യത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയെന്നാണ് വിവരം.
കുറഞ്ഞ നിരക്ക് 25ൽ നിന്ന് 30 രൂപയായി ഉയർത്താൻ തീരുമാനിച്ച ഇടതുമുന്നണി യോഗം, കുറഞ്ഞ നിരക്കിനുള്ള ദൂരം ഒന്നരയിൽ നിന്ന് രണ്ടു കിലോമീറ്ററായി കൂട്ടിയത് സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകളെ ചൊടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം സർക്കാർ പുനഃപരിശോധിച്ചത്.
ഓട്ടോറിക്ഷകൾക്കു പുറമേ നാലുചക്ര ഓട്ടോകളുടെ കാര്യത്തിലും കുറഞ്ഞ ദൂരം ഒന്നര കിലോമീറ്ററായി നിലനിർത്തും. ബസ്, ഓട്ടോ, ടാക്സി നിരക്കു വർധന വിഷുവിനുശേഷം നിലവിൽ വരുമെന്നാണ് സൂചന