തലസ്ഥാന നഗരത്തില്‍ ഹോട്ടലിന് പൊതുനിരത്തില്‍ പാര്‍ക്കിങ് അനുവദിച്ച വിവാദ കരാര്‍ നഗരസഭ റദ്ദാക്കി.
തലസ്ഥാന നഗരത്തില്‍ ഹോട്ടലിന് പൊതുനിരത്തില്‍ പാര്‍ക്കിങ് അനുവദിച്ച വിവാദ കരാര്‍ നഗരസഭ റദ്ദാക്കി. കരാര്‍ നിയമവിരുദ്ധമെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് റദ്ദാക്കല്‍ നടപടി. എംജി റോഡിലാണ് ഹോട്ടലിന് മുന്‍വശത്തെ റോഡ് പാര്‍ക്കിങിന് നല്‍കിയത്. മാസം 5,000 രൂപയ്ക്കായിരുന്നു പാര്‍ക്കിങ് അനുവദിച്ചത്.
ഹോട്ടല്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി കോര്പ്പറേഷന് സെക്രട്ടറി നോട്ടീസില്‍ പറഞ്ഞു. തീരുമാനം ഇന്നത്തെ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചേക്കും. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് നേരത്തെ നഗരസഭ രംഗത്തുവന്നിരുന്നു.
നഗരസഭയും ഹോട്ടലും തമ്മില്‍ എഴുതി തയ്യാറാക്കിയ കരാറില്‍ അതു വഴിയുളള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാര്‍ക്കിങിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നും വ്യക്തമായി പറഞ്ഞിരുന്നു എന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി.