വേഗപ്പൂട്ട് ഇല്ലാത്ത കെഎസ്ആര്‍ടിസി ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി.

Spread the love

വേഗപ്പൂട്ട് ഇല്ലാത്ത കെഎസ്ആര്‍ടിസി ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. നെടുങ്കണ്ടം ഡിപ്പോയിലെ ബസിന്റെ ഫിറ്റ്നസാണ് റദ്ദാക്കിയത്. മോട്ടര്‍ വാഹന വകുപ്പ് കുന്നംകുളത്തു നടത്തിയ പരിശോധനയിലാണ് വേഗപ്പൂട്ട് ഇല്ലെന്നു കണ്ടെത്തിയത്.കേന്ദ്ര മോട്ടര്‍ വാഹന നിയമങ്ങളും ഹൈക്കോടതി ഉത്തരവുകളും ലംഘിച്ച് അനധികൃതമായി ലൈറ്റുകളും ഓഡിയോ സംവിധാനങ്ങളും സ്ഥാപിച്ച ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ളവ ഇന്നു മുതല്‍ നിരത്തില്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന പരിശോധനയാണ് സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്നത്.

വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ബസിന്റെ വേഗം നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റില്‍ മാറ്റം വരുത്തിയതിനു വാഹന ഡീലര്‍ക്കും വര്‍ക്ഷോപ് ഉടമയ്ക്കുമെതിരെ കേസ് എടുക്കും. ഇതിനായി പൊലീസില്‍ പരാതി നല്‍കാന്‍ മോട്ടര്‍ വാഹന വകുപ്പ് തീരുമാനിച്ചു. വാഹനങ്ങളില്‍ അനധികൃത രൂപമാറ്റം വരുത്തുന്നതിനുള്ള പിഴ കേന്ദ്രനിയമത്തിലെ വ്യവസ്ഥയനുസരിച്ച് 5000 രൂപയില്‍നിന്നു 10,000 ആക്കി. ഓരോ രൂപമാറ്റത്തിനും 10,000 രൂപ വീതം പിഴ നല്‍കണം

കളര്‍ കോഡ് ലംഘിക്കുന്ന വാഹനങ്ങള്‍ ഇന്നു മുതല്‍ റോഡിലിറങ്ങുന്നത് തടയുമെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു. ടൂറിസ്റ്റ് ബസ് ഉള്‍പ്പെടുന്ന കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്കു വെള്ള നിറത്തില്‍ വയലറ്റ് ലൈന്‍ ബോര്‍ഡറാണു വേണ്ടത്. മറ്റു നിറങ്ങള്‍ അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു.

ആര്‍ടി ഓഫിസ് ഉദ്യോഗസ്ഥര്‍ക്ക് ഓഫിസിന് കീഴിലുള്ള നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധനയുടെ ചുമതല നല്‍കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പിന്നീട് ഈ വാഹനത്തില്‍ ക്രമക്കേടു കണ്ടെത്തിയാല്‍ ആ ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *