മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ കാലാവധി നീട്ടി. ഒക്ടോബർ 15 നേ മടങ്ങിയെത്തുകയുള്ളൂ.
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ കാലാവധി നീട്ടി. ഒക്ടോബർ 15 നേ മടങ്ങിയെത്തുകയുള്ളൂ
നോർവെയും ബ്രിട്ടനും സന്ദർശിച്ചശേഷം 12ന് മടങ്ങിയെത്താനായിരുന്നു തീരുമാനം. ഇന്നലെ വെയിൽസിലെ കാഡിഫിൽ സന്ദർശനം നടത്താനിരുന്ന മുഖ്യമന്ത്രി അവസാന നിമിഷം യാത്ര വേണ്ടെന്നുവച്ചു. കരമാർഗമുള്ള മണിക്കൂറുകൾ നീണ്ട ദീർഘദൂര യാത്ര ഒഴിവാക്കാനായിരുന്നു ഇത്.
യൂറോപ്പ്- യുകെ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് ദുബായ് വഴി നാട്ടിലേക്കു മടങ്ങുമെന്നായിരുന്നു അറിയിച്ചത്. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശനം നടത്തിയത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം.
ഒക്ടോബർ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേക്കു പോയത്. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ടായിരുന്നു. നോർവെയിലാണ് ആദ്യം സന്ദർശനം നടത്തിയത്. നോർവെ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിലും ധാരണയായി. നോർവീജിയൻ കമ്പനികളുടെ നിക്ഷേപക സംഗമം ജനുവരിയിൽ നടത്താനും തീരുമാനമെടുത്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സംഘത്തോടൊപ്പം ചേർന്ന മന്ത്രിമാരും നോർക്ക റസിഡന്റ് വൈസ് ചെയർമാർ പി.ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രതിനിധികളും ചീഫ് സെക്രട്ടറിയുമെല്ലാം അടുത്ത ദിവസങ്ങളിൽ നാട്ടിലെത്തും. വ്യവസായ മന്ത്രി പി.രാജീവ്, ആരോഗ്യമന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി വി.പി.ജോയ്, ഒഎസ്ഡി വേണു രാജാമണി എന്നിവരടങ്ങിയ സംഘം വെൽഷ് ആരോഗ്യമന്ത്രി എലൂനെഡ് മോർഗനുമായും വെൽഷ് എൻഎച്ച്എസ് ചീഫ് നഴ്സിങ് ഓഫിസർ സൂ ട്രാങ്കുമായും ചർച്ച നടത്തി.
കൊച്ചി നഗരത്തിന്റെ സമഗ്രവികസനം സംബന്ധിച്ച് കാഡിഫ് യൂണിവേഴ്സിറ്റിയിലെ ആർക്കിടെക്ട് ലക്ചററായ ഷിബു രാമൻ തയാറാക്കിയ വിശദമായ പഠനറിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. കോഴിക്കോട് നഗരത്തിന്റെ വികസവുമായി ബന്ധപ്പെട്ടും ഷിബു രാമൻ സമാനമായ പഠന റിപ്പോർട്ട് തയാറാക്കുന്നുണ്ട്. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച് സ്വീകാര്യമെങ്കിൽ തുടർ നടപടികൾ ഉണ്ടാകുമെന്നു ചീഫ് സെക്രട്ടറി പറഞ്ഞു.