യൂട്യൂബറെ കാണാൻ 250 കിലോമീറ്ററിലേറെ ദൂരം സൈക്കിള്‍ ചവിട്ടിയെത്തി പതിമൂന്നുകാരൻ.
ന്യൂഡല്‍ഹി: തന്റെ പ്രിയപ്പെട്ട യൂട്യൂബറെ കാണാൻ 250 കിലോമീറ്ററിലേറെ ദൂരം സൈക്കിള്‍ ചവിട്ടിയെത്തി പതിമൂന്നുകാരൻ. പഞ്ചാബിലെ പട്യാലയില്‍നിന്ന് ഡല്‍ഹിയിലേക്ക് ആണ് യൂട്യൂബറെ കാണാൻ കുട്ടി ഇറങ്ങി തിരിച്ചത്. കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പട്യാല പോലീസ് ഡല്‍ഹി പോലീസിന്റെ സഹായത്തോടെ കുട്ടിയെ കണ്ടെത്തി ബന്ധുക്കളെ ഏല്‍പ്പിച്ചു.
മൂന്നു ദിവസത്തെ കഠിനപരിശ്രമം നടത്തിയെങ്കിലും തന്റെ പ്രിയപ്പെട്ട യൂട്യൂബറെ കാണാനുള്ള ഭാഗ്യം കുട്ടിക്കുണ്ടായില്ല. യൂട്യൂബില്‍ ‘ട്രിഗര്‍ഡ് ഇന്‍സാന്‍’ എന്ന പേരിലറിയപ്പെടുന്ന നിശ്ചയ് മല്‍ഹാന്റെ പിതാംബുരയിലെ അപ്പാര്‍ട്ട്മെന്റിലേക്കാണ് കുട്ടി സൈക്കിള്‍ ചവിട്ടിയെത്തിയത്. എന്നാല്‍ നിശ്ചയ് ദുബായിലേയ്ക്ക് യാത്രതിരിച്ചതിനാല്‍ വീട്ടിലുണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.
എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടിയെ ഒക്ടോബര്‍ നാലിനാണ് കാണാതാകുന്നത്. 1.7 കോടി സബ്സ്‌ക്രൈബര്‍മാരുള്ള ട്രിഗര്‍ഡ് ഇന്‍സാന്‍ എന്ന കോമഡി ചാനലിന്റെ വലിയ ആരാധകനായ കുട്ടി അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചേക്കുമെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. അതിനാല്‍ പാട്യാല പോലീസും വീട്ടുകാരും കുട്ടിയെ കണ്ടെത്താനായി സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രമിക്കുകയും ഡല്‍ഹി പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. യൂട്യൂബറും വിവരങ്ങള്‍ ആരായുകയും സാമൂഹിക മാധ്യമത്തിലൂടെ കുട്ടിയോട് വീട്ടുകാരോട് ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഡല്‍ഹിയിലേക്കുള്ള വഴിയില്‍ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ കണ്ടുവെങ്കിലും എവിടെയാണവന്‍ രാത്രി തങ്ങിയതെന്നോ വിശ്രമിച്ചതെന്നോ വ്യക്തമായിട്ടില്ല. നിശ്ചയ് മല്‍ഹാന്‍ പീതാംപുരയിലെ അപ്പാര്‍ട്ട്മെന്റിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയ ഡല്‍ഹി പോലീസ് റസിഡന്റ്സ് അസോസിയേഷനുമായി ബന്ധപ്പെടുകയായിരുന്നു. അവര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് നിശ്ചയ് മല്‍ഹാന്റെ വീട്ടില്‍ പോലീസെത്തിയെങ്കിലും അദ്ദേഹം ദുബായില്‍ പോയിരുന്നുവെന്ന് വിവരം ലഭിച്ചു.
ആദ്യം കുട്ടിയുടെ സൈക്കിളാണ് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ വൈകിട്ട് അഞ്ചിന് കുട്ടിയെ പാര്‍ക്കില്‍ കണ്ടെത്തി.. കുട്ടിയുടെ കുടുംബം ഡല്‍ഹിലെത്തി അവനെ കൂട്ടിക്കൊണ്ടുപോയി. പോലീസ് അതിവേഗം പ്രവര്‍ത്തിച്ചതില്‍ നന്ദിയുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞു. ‘നല്ല വാര്‍ത്ത കുട്ടിയെ കണ്ടെത്തി ദൈവത്തിന് നന്ദി ‘ എന്ന് നിശ്ചയ് മല്‍ഹാന്‍ ട്വീറ്റ് ചെയ്തു.