മല്ലികാര്‍ജന്‍ ഖാര്‍ഗെയ്ക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ശശി തരൂര്‍.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജന്‍ ഖാര്‍ഗെയ്ക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ശശി തരൂര്‍. വിഷയത്തില്‍ എഐസിസിക്ക് പരാതി നല്‍കുമെന്ന് തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഘടകങ്ങളെ ഖാര്‍ഗെയ്ക്ക് അനുകൂല നിലപാടെടുക്കാന്‍ പിന്തുണയ്ക്കുന്നത് എഐസിസി അല്ലെന്ന് തരൂര്‍ പറയുന്നു. പിസിസികളുടെ പരസ്യ പിന്തുണയ്ക്ക് പിന്നില്‍ ദേശീയ നേതൃത്വമാണെന്നതിന് തെളിവില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നാണ് പ്രസിദ്ധീകരിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിക്കും. ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്നും പ്രചാരണം തുടരും.
തെരഞ്ഞെടുപ്പ് അടുത്തതോടെ നെഹ്റു കുടുംബം നിഷ്പക്ഷ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയാണ് തരൂര്‍ വിഭാഗം. പത്രിക പിന്‍വലിക്കാന്‍ തരൂരിന് വിവിധ കോണുകളില്‍ നിന്നും സമ്മര്‍ദമുണ്ടെന്നും അദ്ദേഹം പത്രിക പിന്‍വലിക്കുമെന്നും പ്രചാരണമുണ്ടാകുന്നുണ്ടെങ്കിലും ഇതിന് യാതൊരു സാധ്യതയുമില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.