നിരവധി മോഷണക്കേസുകളിലെ സ്ഥിരം പ്രതിയെ അമ്പലപ്പുഴ പോലീസ് പിടികൂടി.
അമ്പലപ്പുഴ: നിരവധി മോഷണക്കേസുകളിലെ സ്ഥിരം പ്രതിയെ അമ്പലപ്പുഴ പോലീസ് പിടികൂടി. പത്തനംതിട്ട ചിറ്റാർ പാമ്പിനിയിൽ കൊച്ചുപുരയ്ക്കൽ വീട്ടിൽ പ്രദീപി (34)നെയാണ് അമ്പലപ്പുഴ സിഐ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ത്രീയുടെ ബാഗിൽനിന്ന് മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ പിടികൂടി എയ്ഡ് പോസ്റ്റിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് അമ്പലപ്പുഴ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മറ്റ് മോഷണ വിവരങ്ങളും പുറത്തുവന്നത്.ചിറ്റാർ പോലീസ് സ്റ്റേഷൻ പരിധിയിൽ മഹീന്ദ്ര ആൽഫ ഓട്ടോയും പമ്പ് സെറ്റും മോഷ്ടിച്ച ഇയാള്‍ ഓട്ടോയിൽ കായംകുളത്തെത്തി റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തതിനുശേഷം ട്രെയിനിൽ എറണാകുളത്തേക്ക് കടന്നു.
പമ്പ് സെറ്റ് പന്തളത്ത് വില്പന നടത്തിയെന്നും പോലീസ് പറയുന്നു. പിറ്റേന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മൊബൈൽ ഫോൺ മോഷണത്തിനിടെ ഇയാളെ പിടികൂടുന്നത്.
ഇതിനു മുൻപും സമാനമായ നിരവധി മോഷണക്കേസുകൾ ചിറ്റാർ, അടൂർ പോലീസ് സ്റ്റേഷനുകളിലുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ്ഐ ടോൾസൺ പി. ജോസഫ്, ജൂണിയർ എസ്ഐ ബാലസുബ്രഹ്മണ്യൻ, സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ, വിഷ്ണു, ജോസഫ് ജോയ്, മുഹമ്മദ് ഷെഫീക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.