സുപ്രധാന പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പദവകളില്‍ ഒന്നില്‍ പോലും പ്രതിപക്ഷ പ്രതിനിധികളെ പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍.

Spread the love

ന്യൂഡല്‍ഹി: ആഭ്യന്തരവും ഐടിയുമടക്കമുള്ള സുപ്രധാന പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പദവകളില്‍ ഒന്നില്‍ പോലും പ്രതിപക്ഷ പ്രതിനിധികളെ പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍. ചൊവ്വാഴ്ചയാണ് പാര്‍ലമെന്ററി സമിതികളെ പുന:സംഘടിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സുപ്രധാന പാര്‍ലമെന്റി സമിതികളായ ആഭ്യന്തരം, ധനകാര്യം, ഐടി, പ്രതിരോധം, വിദേശകാര്യം, ആരോഗ്യം എന്നീ പാര്‍ലമെന്ററി സമിതികളെ പുന:സംഘടിപ്പിച്ചപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനേയും രണ്ടാമത്തെ വലിയ പ്രതിപക്ഷ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനേയും പാടെ അവഗണിച്ചു. ക്രൂരമായ നടപടിയെന്നും ഏകാധിപത്യത്തിലേക്കുള്ള നീക്കമെന്നും പ്രതിപക്ഷം ആരോപിച്ചു.

ആഭ്യന്തര പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് എം.പി മനു അഭിഷേക് സിങ്‌വിയെ മാറ്റി ബിജെപി എംപിയും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ ബ്രിജ് ലാലിനെ നിയമിച്ചു. മുമ്പ് ആനന്ദ് ശര്‍മയായിരുന്നു ഈ സമിതിയുടെ അധ്യക്ഷന്‍.

കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എം.പി ശശി തരൂരിനെ പാര്‍ലമെന്ററി ഐടി സമിതിയുടെ തലപ്പത്ത് നിന്ന് നീക്കി. പകരം ഏക്‌നാഥ് ഷിന്ദേ പക്ഷത്തുള്ള ശിവസേന എംപി പ്രതാപ്‌റാവു ജാദവിനെ നിയമിച്ചു. ഈ സമിതിയുടെ ചെയര്‍മാനായിരിക്കെ തരൂര്‍ ഭരണകക്ഷി എംപിമാര്‍ അദ്ദേഹത്തിന്റെ നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ പലതവണ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

ചൈനീസ് ഏകകക്ഷി ഭരണത്തിലും റഷ്യന്‍ പ്രഭുക്കന്മാരുടെ മാതൃകയിലും പ്രധാനമന്ത്രി മോദി ആകൃഷ്ടനായതിനാലാണെന്ന് തോന്നുന്നു ബിജെപിയുടെ ഇത്തരത്തിലുള്ള ക്രൂരമായ നടപടിയെന്ന് കോണ്‍ഗ്രസിന്റെ ലോക്‌സഭാകക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയ് വിമര്‍ശിച്ചു.

‘ലോക്‌സഭയിലെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിക്ക് ഒരു ചെയര്‍മാന്‍ പദവി പോലുമില്ല. രണ്ടമത്തെ വലിയ പാര്‍ട്ടിയുടെ ഉള്ള രണ്ട് പദവികളും എടുത്ത് കളഞ്ഞു, ഇതാണ് പുതിയ ഇന്ത്യയുടെ യാഥാര്‍ഥ്യം’ തൃണമൂല്‍ രാജ്യസഭാ നേതാവ് ഡെറെക് ഒബ്രിയാന്‍ പറഞ്ഞു. ഇതാണ് മോദി ഇന്ത്യയെന്ന് തൃണമൂല്‍ നേതാവിനെ പിന്തുണച്ച് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശും ട്വീറ്റ് ചെയ്തു.

അതേ സമയം ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച സമിതിയുടെ ചെയര്‍പേഴ്സണായി ജയറാം രമേശിനെ വീണ്ടും നിയമിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് നിലവിലുള്ള ഏക പാര്‍ലമെന്ററി സമിതി അധ്യക്ഷ പദവിയാണിത്. വാണിജ്യകാര്യ സമിതി സംബന്ധിച്ച് പുതിയ പട്ടികയില്‍ പരാമര്‍ശമില്ല. ലോക്‌സഭയില്‍ കോണ്‍ഗ്രസിന് 53 ഉം രാജ്യസഭയില്‍ 31 ഉം എംപിമാരാണ് ഉള്ളത്. തൃണമൂലിന് ലോക്‌സഭയില്‍ 23 ഉം രാജ്യസഭയില്‍ 13 എംപിമാരുണ്ട്.

അതേ സമയം ലോക്‌സഭയില്‍ 24 ഉം രാജ്യസഭയിലും പത്തും എംപിമാരുള്ള ഡിഎംകെയ്ക്ക് നിലവില്‍ രണ്ട് സമിതികളുടെ അധ്യക്ഷ പദവികളുണ്ട്. തിരുച്ചി ശിവ വ്യവസായ സമിതിയുടേയും കനിമൊ
ഴി ഗ്രാമവികസന-പഞ്ചായത്ത് രാജ് സമിതിയുടേയും തലപ്പത്തുള്ളവരാണ്.

Inline

Leave a Reply

Your email address will not be published. Required fields are marked *