ആദ്യം പറഞ്ഞ വിലയ്ക്കു തന്നെ ട്വിറ്റർ വാങ്ങാൻ സന്നദ്ധനാണെന്നു ഇലോൺ മസ്ക്.
ആദ്യം പറഞ്ഞ വിലയ്ക്കു തന്നെ ട്വിറ്റർ വാങ്ങാൻ സന്നദ്ധനാണെന്നു ഇലോൺ മസ്ക്. ട്വിറ്റർ കമ്പനിക്ക് അയച്ച കത്തിലാണു മാസങ്ങൾക്കു മുൻപ് പറഞ്ഞ അതേ വിലയ്ക്കു തന്നെ ഓഹരി വാങ്ങാനുള്ള തീരുമാനം മസ്ക് അറിയിച്ചിരിക്കുന്നത്. വിൽപ്പന പാതിവഴിയിൽ മുടങ്ങിയതിനെത്തുടർന്നു ട്വിറ്റർ കേസുമായി കോടതിയിൽ എത്തിയിരുന്നു. ഇതേത്തുടർന്നാണു തീരുമാനമെന്നാണ് റിപ്പോർട്ട്.
മസ്കിന്റെ കത്ത് കിട്ടിയതായി ട്വിറ്റർ വാർത്താ ഏജൻസിയായ എഎഫ്പിയോടു സ്ഥിരീകരിച്ചു. ഓഹരിക്ക് 54.20 ഡോളർ എന്ന വിലയാണ് കരാർ പ്രകാരം അംഗീകരിച്ചിരിക്കുന്നതെന്നും ട്വിറ്റർ വ്യക്തമാക്കി. ട്വിറ്റർ ഏറ്റെടുക്കാനുള്ള മസ്കിന്റെ നീക്കം കഴിഞ്ഞമാസം ഓഹരിയുടമകൾ അംഗീകരിച്ചു. കരാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ച് ഏറ്റെടുക്കലിൽനിന്നു മസ്ക് പിന്മാറുന്നതിനിടെയാണ് ഉടമകൾ ഇടപാട് അംഗീകരിച്ചത്. 3.67 ലക്ഷം കോടി രൂപയ്ക്കാണ് (4400 കോടി ഡോളർ) കമ്പനി ഏറ്റെടുക്കാൻ ഇലോൺ മസ്ക് കരാർ ഒപ്പുവച്ചത്. എന്നാൽ ഈ കരാർ അവസാനിപ്പിച്ചതായി ജൂലൈയിൽ പ്രഖ്യാപിച്ചു. എന്നാൽ ഓഹരിയുടമകളുടെ അംഗീകാരം ട്വിറ്ററിന് നിയമപോരാട്ടവുമായി മുന്നോട്ടു പോകാൻ സഹായകമായി.
ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച യഥാർഥ കണക്കുകൾ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മസ്കിന്റെ പിന്മാറ്റം.