മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയില്‍ രാജ്ഭവന് കടുത്ത അതൃപ്തി.

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയില്‍ രാജ്ഭവന് കടുത്ത അതൃപ്തി. യാത്രയുടെ വിശദാംശങ്ങള്‍ ഭരണഘടനപ്രകാരം ഗവര്‍ണറെ രേഖാമൂലം അറിയിക്കാത്തതിലാണ് അതൃപ്തി. മുഖ്യമന്ത്രി വിദേശയാത്ര നടത്തുമ്പോള്‍, ഗവര്‍ണറെ കണ്ട് യാത്രാ പരിപാടികള്‍ വിശദീകരിക്കുകയും രേഖാമൂലം വിശദാംശങ്ങള്‍ കൈമാറുകയും ചെയ്യുന്നതാണ് കീഴ്‌വഴക്കം.
എന്നാല്‍ ഇത്തവണ ഇതു ലംഘിക്കപ്പട്ടതായി രാജ്ഭവന്‍ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച, കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രി യാത്രയെക്കുറിച്ച് പറഞ്ഞത്. പത്തുദിവസം യൂറോപ്യന്‍ പര്യടനത്തിലായിരിക്കുമെന്ന് അറിയിച്ചു. ഗവര്‍ണര്‍ യാത്രാമംഗളങ്ങള്‍ നേരുകയും ചെയ്തു. എന്നാല്‍ ഔദ്യോഗികമായി യാത്രയെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
നോര്‍വേ, ഇംഗ്ലണ്ട്, വെയില്‍സ് എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദര്‍ശിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് നിശ്ചയിച്ചതിലും രണ്ടു ദിവസം വൈകിയാണ് സംഘം പുറപ്പെട്ടത്. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
മാരിടൈം മേഖലയിലെ സഹകരണം ലക്ഷ്യമിട്ടാണ് നോര്‍വേ സന്ദര്‍ശനം. ദുരന്തനിവാരണ രീതികളും പരിചയപ്പെടും. വെയ്ല്‍സില്‍ ആരോഗ്യ മേഖലയെ കുറിച്ചാണ് ചര്‍ച്ചകള്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അവിടെയെത്തും. ലണ്ടനില്‍ ലോക കേരള സഭയുടെ പ്രാദേശിക യോഗം വിളിച്ചിട്ടുണ്ട്. യുകെയിലെ വിവിധ സര്‍വകലാശാലകളുമായി ധാരണാപത്രങ്ങളും ഒപ്പുവയ്ക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *