അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട യുവതിക്ക് ദാരുണാന്ത്യം.
കരുവാരക്കുണ്ട്: അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട യുവതിക്ക് കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ച് ദാരുണാന്ത്യം. കല്‍ക്കുണ്ട് റിസോര്‍ട്ടിനു സമീപത്തെ ചോലയില്‍ കുളിക്കാനിറങ്ങിയ ആലപ്പുഴ ചന്തിരൂര്‍ മുളയ്ക്കപറമ്പില്‍ സുരേന്ദ്രന്റെയും സുശീലയുടെയും മകള്‍ ആര്‍ഷ(24)യാണ് മരിച്ചത്. ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയായിരുന്നു.
കുടുംബസമേതം കല്‍ക്കുണ്ടിലുള്ള അമ്മായിയുടെ വീട്ടില്‍ വിരുന്നിനുവന്നതാണ്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് ചോലയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
മഴയില്ലാതെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. തെളിഞ്ഞ ഒഴുക്കുകുറവുള്ള അവസ്ഥയിലായിരുന്നു ചോല. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മലവെള്ളപ്പാച്ചിലുണ്ടായത്. ഒരുമാസം മുന്‍പും കല്‍ക്കുണ്ട് മലയോരത്തില്‍ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. പുറത്തുനിന്ന് എത്തിയവര്‍ക്ക് മലയോരത്ത് പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥയെക്കുറിച്ച് അറിവില്ലാതെപോയതാണ് അപകടത്തിലേക്കു വഴിവെച്ചത്. കൂടെയുണ്ടായിരുന്നവരും ഒഴുക്കില്‍പ്പെട്ടെങ്കിലും അവര്‍ രക്ഷപ്പെട്ടു.
നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ കല്‍ക്കുണ്ട് ക്രിസ്ത്യന്‍ പള്ളിക്കു പിറകില്‍ ഒലിപ്പുഴയിലെ പാറയില്‍ തങ്ങിനില്‍ക്കുന്നനിലയില്‍ ആര്‍ഷയെ കണ്ടെത്തി. ഉടന്‍ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഹോദരി: ആഗ്ര. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.