ഡിജിപി ഹേമന്ത് കുമാര്‍ ലോഹ്യ കൊല്ലപ്പെട്ട സംഭവത്തില്‍ വീട്ടു വേലക്കാരന്റെ ചിത്രം പുറത്തുവിട്ട് ജമ്മു പൊലീസ്.

Spread the love

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹ്യ കൊല്ലപ്പെട്ട സംഭവത്തില്‍ വീട്ടു വേലക്കാരന്റെ ചിത്രം പുറത്തുവിട്ട് ജമ്മു പൊലീസ്. കഴുത്തറത്ത നിലയിലാണ് ജമ്മു കശ്മീരിലെ ജയില്‍ വിഭാഗം ഡിജിപി ആയ ഹേമന്ത് കുമാര്‍ ലോഹ്യയുടെ മൃതദേഹം കാണപ്പെട്ടത്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയത് സഹായി ആണെന്ന് ജമ്മു കശ്മീര്‍ ഡിജിപി വ്യക്തമാക്കി. വീട്ടുവേലക്കാരന്‍ യാസിര്‍ അഹമ്മദിന്റെ ചിത്രം ജമ്മു പോലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ച് തിരച്ചില്‍ തുടരുകയാണ് എന്നും ഡിജിപി ദില്‍ബഗ് സിംഗ് വ്യക്തമാക്കി. ലോഹ്യയുടെ വീട്ടുജോലിക്കാരനെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നതെന്ന് പ്രാഥമിക വിവരം ലഭിച്ചിരുന്നു
മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് അക്രമിച്ചത്, ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ഇയാളെന്നും എന്നും ഡിജിപി പറഞ്ഞു. വീട്ടുജോലിക്കാരന്‍ ഒളിവിലാണെന്നാണ് ജമ്മു സോണ്‍ എഡിജിപി മുകേഷ് സിംഗ് വിശദമാക്കിയത്. ഉദയ്വാലയിലുള്ള വസതിയില്‍ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിലാണ് ലോഹ്യയെ കണ്ടെത്തിയത്. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയ്ക്ക് 57 വയസായിരുന്നു. ജമ്മുകശ്മീരിലെ ജയിലുകളുടെ ചുമതലയില്‍ ഓഗസ്റ്റ് മാസത്തിലാണ് ലോഹ്യ നിയമിതനായത്.
പൊലീസും ഫോറന്‍സിക് സംഘവും സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും വീട്ടുജോലിക്കാരനായുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തില്‍ തീവ്രവാദ ബന്ധം കണ്ടെത്താനായിട്ടില്ല എന്ന് ജമ്മു എഡിജിപി വ്യക്തമാക്കി. പക്ഷേ സമഗ്രമായ അന്വഷണം നടത്തും. കൊലപാതകത്തിനു ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനു പിന്നില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ആണ് എന്ന അഭ്യൂഹങ്ങള്‍ക്ക് ഇടെയാണ് എഡിജിപിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *