വിദ്യാർത്ഥികൾക്കായി കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര പാക്കേജുമായി കെഎസ്ആർടിസി.

Spread the love

ആലപ്പുഴ: വിദ്യാർത്ഥികൾക്കായി കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര പാക്കേജുമായി കെഎസ്ആർടിസി. ഇന്നുമുതലാണ് പുതിയ പദ്ധതിക്ക് തുടക്കമാകുന്നത്. സ്കൂളുകളിലെ ടൂറിസം ക്ലബ്ബുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസം ക്ലബ്ബുകൾ ഇല്ലാത്ത സ്കൂളുകളിൽ ക്ലബ്ബുകൾ രൂപീകരിക്കാനും ഈ പദ്ധതി മുൻകൈ എടുക്കുന്നുണ്ട്.

കൃഷ്ണപുരം കൊട്ടാരം, കാർട്ടൂണിസ്റ്റ് ശങ്കർ ദേശീയ കാർട്ടൂൺ മ്യൂസിയം, വലിയഴീക്കൽ ബീച്ച്, വലിയഴീക്കൽ പാലം, ലൈറ്റ് ഹൗസ്, കുമാരകോടി, തകഴി സ്മാരകവും മ്യൂസിയവും, കരുമാടിക്കുട്ടൻ, ആലപ്പുഴ ബീച്ചും ലൈറ്റ് ഹൗസും, മുസാവരി ബംഗ്ലാവ് തുടങ്ങിയവയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തുക. 8 മണിക്കൂർ, 12 മണിക്കൂർ എന്നിങ്ങനെയാണ് രണ്ടു പാക്കേജുകൾ. 360 രൂപയാണ് 12 മണിക്കൂർ പാക്കേജിന്റെ ഫീസ്.

കൃഷ്ണപുരം കൊട്ടാരം

പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഇന്ന് കൊട്ടാരം. പുരാവസ്തു മ്യൂസിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് ഈ കൊട്ടാരം ഇന്നു കാണുന്ന രീതിയിൽ പണികഴിപ്പിച്ചത്. കേരളത്തിൽ കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും വലുപ്പമേറിയ ചുവർചിത്രമായ ‘ഗജേന്ദ്രമോക്ഷം’ ഈ കൊട്ടാരത്തിലാണ്.

കാർട്ടൂണിസ്റ്റ് ശങ്കർ ദേശീയ കാർട്ടൂൺ മ്യൂസിയം

ശങ്കർ വരച്ച കാർട്ടൂണുകളുടെ ശേഖരത്തിനൊപ്പം വരക്കാനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഇവിടെ പ്രദർശനത്തിനുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കാർട്ടൂണുകൾ വരച്ച ശങ്കറിന്റെ ആരാധകരിൽ പ്രധാനി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തന്നെയായിരുന്നു.

വലിയഴീക്കൽ പാലം

തെക്കൻ ഏഷ്യയിലെ ഏറ്റവും നീളമുള്ള ‘ബോ സ്ട്രിങ്’ ആർച്ച് പാലം. 29 സ്പാനുകളുള്ള പാലത്തിന്റെ നിർമാണച്ചെലവ് 146 കോടിയാണ്. 976 മീറ്ററാണു നീളം. പ്രധാന ആകർഷണം, മധ്യഭാഗത്തെ 3 ബോ സ്ട്രിങ് ആർച്ചുകളാണ്. വലിയ മത്സ്യബന്ധന ബോട്ടുകൾക്ക് പാലത്തിനടിയിലൂടെ ആയാസരഹിതമായി കടന്നുപോകാവുന്ന തരത്തിലാണു നിർമാണം. ഉദയാസ്തമയം വീക്ഷിക്കാനുള്ള സൗകര്യം പാലത്തിനുമുകളിലുണ്ട്. മുകൾഭാഗത്ത് ഇതിനായി 19 മീറ്റർ വീതിയുണ്ട്. അവിടെനിന്നാൽ അസ്തമയം കാണാം. കടലിന് അഭിമുഖമായുള്ള ന്യൂയോർക്ക് സാൻഫ്രാൻസിസ്കോ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ പെയിന്റിങ് മാതൃകയാക്കിയാണു വലിയഴീക്കൽ പാലത്തിനും നിറം നൽകിയത്.

ലൈറ്റ് ഹൗസ്

രാജ്യത്ത് ആദ്യത്തെ, അഞ്ചു വശങ്ങളോടു കൂടിയ (പെന്റഗൺ) 41.6 മീറ്റർ ഉയരമുള്ള ലൈറ്റ് ഹൗസ് പാലത്തിനക്കരെ വലിയഴീക്കൽ തീരത്താണു സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ ലൈറ്റ് ഹൗസുകളിൽ ഉയരത്തിൽ രണ്ടാമതാണിത്.

കുമാരകോടി

തോട്ടപ്പള്ളിക്ക് സമീപമാണ് കുമാര കോടി. കുമാരനാശാന്റെ ശവകുടീരവും പ്രതിമയും സ്മൃതി മണ്ഡപവുമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.

തകഴി സ്മാരകവും, മ്യൂസിയവും

പ്രമുഖ മലയാള സാഹിത്യകാരനായിരുന്ന തകഴി ശിവശങ്കരപ്പിള്ള താമസിച്ചിരുന്ന ശങ്കരമംഗലമാണ് തകഴി സ്മാരകവും മ്യൂസിയവുമായി പ്രവർത്തിക്കുന്നത്. തകഴിക്കു ലഭിച്ച അവാർഡുകൾ, മറ്റു സമ്മാനങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവ കൂടാതെ അദ്ദേഹത്തിന്റെ സ്വകാര്യവസ്തുക്കളും ഇവിടെ പ്രദർശനത്തിനു വച്ചിരിക്കുന്നു. ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠവും രാഷ്ട്രത്തിന്റെ ബഹുമതി ആയ പദ്മഭൂഷൺ സമ്മാനവും കേരള സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്കാരവും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

കരുമാടിക്കുട്ടൻ

അമ്പലപ്പുഴ-തിരുവല്ല റോഡിൽ കരുമാടിയിൽ സ്ഥിതിചെയ്യുന്നഒരു പ്രമുഖ ബുദ്ധ തീർത്ഥാടന കേന്ദ്രമാണ്‌ ‘കരുമാടിക്കുട്ടൻ’. ജില്ലാ ആസ്ഥാനത്തുനിന്ന് തെക്കു കിഴക്കോട്ട് 20 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. പതിനൊന്നാം നൂറ്റാണ്ടിൽ നിർമിതമായ കറുത്ത കരിങ്കല്ലിലുള്ള ഒരു പ്രത്യേക ബുദ്ധ പ്രതിമയാണ് ‘കരുമാടിക്കുട്ടൻ’. ഇന്ന് കേരള പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ് ഈ മണ്ഡപം.

Leave a Reply

Your email address will not be published. Required fields are marked *