കോടിയേരിയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് പയ്യാമ്പലത്ത്

Spread the love

കണ്ണൂർ: അർബുദത്തെ തുടർന്ന് ശനി രാത്രി ചെന്നൈ അപ്പോളോ ആശുപത്രിയിൽ അന്തരിച്ച കോടിയേരിയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് പയ്യാമ്പലത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. മൃതദേഹം ഇന്നലെ പകൽ പന്ത്രണ്ടരയോടെയാണ് ചെന്നൈയിൽനിന്ന് എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചത്. അവിടെ ജനാവലി മുദ്രാവാക്യം വിളികളോടെ ഏറ്റുവാങ്ങി. ഭാര്യ വിനോദിനി, മകൻ ബിനീഷ്, മരുമകൾ റിനീറ്റ എന്നിവരും എയർ ആംബുലൻസിൽ ഒപ്പം ഉണ്ടായിരുന്നു. പ്രിയ നേതാവ് നടന്നുമുന്നേറിയ വഴികളിലാകെ ചുവന്ന പൂക്കൾ വിതറി സഖാക്കൾ അന്ത്യദർശനത്തിനായി കാത്തിരുന്നു. വാഹനത്തിൽ വിലാപയാത്രയായി തലശേരിയിലേക്ക്‌ കൊണ്ടുവന്ന മൃതദേഹത്തിൽ മട്ടന്നൂരിലും കൂത്തുപറമ്പിലും കതിരൂരിലുമടക്കം പതിനാല്‌ കേന്ദ്രത്തിൽ ജനാവലി ആദരാഞ്‌ജലി അർപ്പിച്ചു. ജീവിക്കുന്ന രക്തസാക്ഷി പുഷ്‌പൻ സ്‌ട്രെച്ചറിൽ തലശേരിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

പകൽ മൂന്നോടെ തലശേരി ടൗൺ ഹാളിലെത്തിച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം പിബി അംഗം എം എ ബേബി, മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള തുടങ്ങിയവർ ചേർന്ന് രക്തപതാക പുതപ്പിച്ചു. പിബി അംഗം എ വിജയരാഘവൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, ഡോ. തോമസ് ഐസക്, എ കെ ബാലൻ, കെ രാധാകൃഷ്ണൻ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു. ടൗൺ ഹാൾ മുറ്റത്ത് ഐജി ടി വിക്രമിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. രാത്രിയോടെ കോടിയേരി ഈങ്ങയിൽപീടികയിലെ വീട്ടിലേക്ക് മൃതദേഹം മാറ്റി. ഇന്ന് രാവിലെ 10 വരെ വീട്ടിലും 11 മുതൽ രണ്ടുവരെ സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും പൊതു ദർശനമുണ്ടാകും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവർ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *